
വൈപ്പിൻ: കായികരംഗത്ത് സംസ്ഥാന, ജില്ലാ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ നേടിയ പ്രതിഭകൾ, കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിലൊന്ന്, ഹയർസെക്കൻഡറി ഉൾപ്പെടെ മൂന്ന് ഹൈസ്‌കൂളുകൾ, രണ്ട് യു.പി, എട്ട് എൽ.പി സ്‌കൂളുകൾ.... ഇതൊക്കെയാണെങ്കിലും കായിക വിനോദത്തിനും പരിശീലനത്തിനും ഒരു ഗ്രൗണ്ടില്ല. ചെറായി, പള്ളിപ്പുറം, മുനമ്പം പ്രദേശങ്ങൾ ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ അവസ്ഥയാണിത്. നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ് പൊതുകളിസ്ഥലം. വേണ്ട പരിഗണന അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനം, ചെറായി സഹോദരൻ ഹൈസ്‌കൂൾ ഗ്രൗണ്ട്, ചെറായി വലിയ വീട്ടിക്കുന്ന്, മുനമ്പം കച്ചേരി മൈതാനം എന്നിവിടങ്ങളിൽ വോളിബാൾ, ഫുട്‌ബാൾ തുടങ്ങിയ കായിക ഇനങ്ങളിൽ നിരവധിപേർ പരിശീലനം നടത്തുകയും ടൂർണമെന്റുകൾ നടത്തുകയും ചെയ്തിരുന്നു. ഗൗരീശ്വരത്ത് ഓഡിറ്റോറിയം, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ സ്ഥാപിക്കുകയും വലിയവീട്ടിക്കുന്നിൽ ക്ഷേത്രപുനർ നിർമ്മാണം നടത്തുകയും ചെയ്തതോടെ കളിക്കാൻ സൗകര്യമില്ലാതായി. മുനമ്പം കച്ചേരി മൈതാനിയിലാകട്ടെ ഒരു ഭാഗത്ത് സർക്കാർ ആശുപത്രി വാർഡാക്കുകയും മറുഭാഗത്ത് സർക്കാർ പ്രകൃതി ക്ഷോഭപുനരധിവാസ കേന്ദ്രത്തിനായി രണ്ട് വലിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു.
കായിക പ്രതിഭകളുടെ നാടാണ് പള്ളിപ്പുറം. ഗ്രാമത്തിലെ ഇപ്പോഴത്തെ തലമുറയ്ക്ക് കായിക പരിശീലനം നടത്താൻ പറ്റിയ ഒരിടമില്ലെന്ന അവസ്ഥയ്ക്ക് പരിഹാരമായി ചില പദ്ധതികൾ വന്നെങ്കിലും ഫലമുണ്ടായില്ല. മുനമ്പം പൊലീസ് 'യൂത്ത് ഫോർ സ്‌പോർട്സ്' പദ്ധതി ആവിഷ്‌കരിച്ചെങ്കിലും വ്യക്തികളുടെ കാരുണ്യത്തിന് കാത്ത് അവരുടെ പറമ്പുകളിൽ പരിശീലനം നടത്തേണ്ട അവസ്ഥ വന്നതിനാൽ പദ്ധതി പുരോഗമിച്ചില്ല.
കച്ചേരിമൈതാനത്തെ ആശുപത്രി വാർഡ് ഇല്ലാതാകുകയും പുനരധിവാസത്തിന് നിർമ്മിച്ച കെട്ടിടങ്ങൾ ഉപയോഗ ശൂന്യമായി നശിക്കുകയും ചെയ്തതോടെ ഇവ നീക്കം ചെയ്ത് കളിസ്ഥലം പുന:സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാരിൽ നിന്ന് ഉയർന്നു. പഞ്ചായത്തും ഇതിന് അനുകൂലമാണ്. ഇതേത്തുടർന്ന് പഴകി ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് കൂടെ പോകുന്ന റോഡ് പുനർ നിർമ്മാണത്തിന് കാത്തിരിക്കുകയാണ്.
......................................
റവന്യൂ വകുപ്പിന്റെ കൈവശമാണ് രണ്ടര ഏക്കറോളം വരുന്ന കച്ചേരി മൈതാനം.
കളിസ്ഥലത്തിനായി കച്ചേരിമൈതാനം പരിഗണിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്താൻ ഉദ്ദേശമുണ്ട്. ബ്ലോക്ക് ജില്ലാപഞ്ചായത്തുകളുടെ സഹായവും പ്രതീക്ഷിക്കുന്നു.
എ.എൻ.ഉണ്ണികൃഷ്ണൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ്