കുരുമാല്ലൂർ: ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകളുടെ പരിധിയിൽ വ്യാപകമായി ഇടത്തോടുകളും നിലവും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നതായി പരാതി. നടപടിയെടുക്കാൻ ഇരുപഞ്ചായത്ത് അധികൃതരും തയ്യാറാവാത്തതിൽ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളക്ടർ, ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകി.
ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി, ഒളനാട് എന്നിവിടങ്ങളിലും കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാൽ മേഖലയിലുമാണ് നികത്തൽ വ്യാപകം. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും ചെറിയ നീർച്ചാലുകളും തുറന്ന് വച്ചിരിക്കുന്നത് സമീപത്തുള്ള തോടുകളിലേക്കാണ്. ഇതാണ് നികത്തുന്നതെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാൽ ഭാഗത്തുള്ള പതിനാറ് ഏക്കർ കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടം നികത്താൻ ഒരുമാസം മുന്നേ ശ്രമിച്ചിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് കോടതി ഇടപെട്ട് തടഞ്ഞെങ്കിലും സമീപ പ്രദേശത്ത് നികത്തൽ നടക്കുന്നു. സമീപത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. മഴ പെയ്തതോടെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നില്ല. സംരക്ഷണസമിതി ഭാരവാഹികളായ ആലങ്ങാട് പാനായിക്കുളം സ്വദേശി സന്തോഷ് പി. അഗസ്റ്റിൻ, കോട്ടുവള്ളി കൂനമ്മാവ് സ്വദേശികളായ കെ.പി. ഫ്രാൻസിസ്, സെബാസ്റ്റ്യൻ കാരിക്കശേരി, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവരാണ് പരാതി നൽകിയത്.