p

മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്‌തു

കുറുപ്പംപടി : പെരിയാർവാലി ഇറിഗേഷൻ പദ്ധതിയുടെ പെരുമ്പാവൂർ പട്ടാലിലുള്ള സ്ഥലത്ത് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്‌തു. ആലുവ-മൂന്നാർ റോഡിനോട് ചേർന്നുള്ള പാർക്കിൽ കുട്ടികൾക്ക് ഉല്ലസിക്കാൻ 7 റൈഡുകളുണ്ട്.

പുൽത്തകിടി, നടപ്പാത, ഇരിപ്പിടങ്ങൾ, തണൽമരങ്ങൾ, കഫെറ്റീരിയ, ശുചിമുറികൾ, സെക്യൂരിറ്റിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാർക്ക്. 20 രൂപയാണ് പാർക്കിൽ പ്രവേശനഫീസ്. വിവിധ റൈഡുകളിൽ കയറാനും ഫീസുണ്ട്. ഐ.പി.ടി.എം.സിയുടെ മേൽനോട്ടത്തിലാണ് പാർക്കിന്റെ പ്രവർത്തനം.

ഉദ്ഘാടനച്ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ ബാബു ജോസഫ്, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ശാരദാ മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.