muhammedali

ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും കാൽനൂറ്റാണ്ടിലേറെക്കാലം നിയമസഭയിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എം.എൽ.എയുമായ കെ. മുഹമ്മദാലി (76) നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഡയാലിസിസിനെത്തിയ കെ. മുഹമ്മദാലി ഹൃദയസ്തംഭനത്തെ തുടർന്ന് ഏഴോടെയാണ് മരിച്ചത്.

ആലുവ ചിത്രലൈനിലെ പട്ടരുമഠം വീട്ടിൽ പൊതുദർശനത്തിനുശേഷം രാത്രി എട്ടോടെ ആലുവ ടൗൺ ജുമാ മസ്ജിദിൽ കബറടക്കി.

1980 മുതൽ 2006 വരെയാണ് നിയമസഭാംഗമായിരുന്നത്. 1973 മുതൽ അടുത്തകാലംവരെ എ.ഐ.സി.സി അംഗവുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത് മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദ് ആയിരുന്നു. ഇവർക്ക് കെട്ടിവയ്ക്കാൻ പണം നൽകിയതും മുഹമ്മദാലിയായിരുന്നു. അടുത്തകാലത്ത് പാർട്ടിയുമായി അകന്നെങ്കിലും പുറത്താക്കിയിരുന്നില്ല.

പരേതരായ കൊച്ചുണ്ണിയുടെയും നെബീസയുടെയും മകനാണ്. ഭാര്യ: നെസീംബീവി (റിട്ട. പ്രോസിക്യൂഷൻ ഡയറക്ടർ). മക്കൾ: നിഷാദ് അലി (ബിസിനസ്), അറാഫത്ത് അലി (ഖത്തർ). മരുമക്കൾ: ഷെൽന നിഷാദ്, റൈസ നിഷാദ്.