പറവൂർ: പറവൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം പരിഹരിക്കാൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും വാക്സിനേഷനും വളർത്ത് നായകൾക്ക് ലൈസൻസും നിർബന്ധമാക്കാൻ തീരുമാനിച്ചു.
ലൈസൻസ് എടുക്കാത്ത വളർത്ത് നായകളുടെ ഉടമസ്ഥർക്കെതിരെ നിയമനടപടിയെടുക്കും. പറവൂർ നഗരസഭയിലെ 29 വാർഡുകളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെ അറവുമാലിന്യങ്ങൾ നഗരപ്രദേശത്ത് നിക്ഷേപിക്കുന്നത് തടയും.
വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സജി നമ്പ്യത്ത്, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, മുനിസിപ്പൽ സെക്രട്ടറി ടി.എൻ. സിനി, കൗൺസിലർമാർ, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.