kunnukara

നെടുമ്പാശേരി: പൊതുനിരത്തിൽ കൊടിതോരണങ്ങളും ഫ്ളക്സുമില്ലാത്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കുന്നുകര. കടയ്ക്കു മുന്നിലെ കൊടിമരം നീക്കാൻ ഒരു വ്യാപാരി നൽകിയ ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെ തുടർന്ന് ഒരാഴ്ച മുമ്പ് പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനാ പ്രതിനിധികളുടെയും യോഗതീരുമാനപ്രകാരമാണ് ഇവയെല്ലാം നീക്കം ചെയ്തത്.

15 വാർഡുകളിലായി നൂറിലേറെ കൊടിമരങ്ങളുണ്ടായിരുന്നു. ഭൂരിഭാഗവും സ്ഥാപിച്ചവർ തന്നെ മാറ്റി. അവശേഷിച്ചവ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് ഒഴിവാക്കി.

കുന്നുകര കവലയിലെ പുതുശേരി പി.പി. പോളിന്റെ കടയുടെ മുമ്പിൽ പ്രമുഖ രാഷ്ട്രീയപ്പാർട്ടി നാട്ടിയ കൊടിമരമാണ് നിയമയുദ്ധത്തിന് നാന്ദിയായത്. പോൾ കോടതിയിൽ നിന്ന് അനുകൂല ഉത്തരവുവാങ്ങിയിട്ടും കൊടിമരം നീക്കിയില്ല. അപ്പീലിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പഞ്ചായത്ത് യോഗം വിളിച്ചത്. ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകേണ്ട ദിവസമാണ്. നീക്കം ചെയ്ത വസ്തുക്കൾ പഞ്ചായത്ത് കോമ്പൗണ്ടിലുണ്ട്. ഇവ ലേലം ചെയ്യാനാണ് തീരുമാനം.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബി പുതുശേരി (കോൺഗ്രസ്), ബ്ളോക്ക് പഞ്ചായത്തംഗം സി.കെ. കാസിം (സി.പി.എം), സി.യു. ജബ്ബാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമാക്കിയത്.

വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികൾ കൊടിമരങ്ങളും മറ്റും സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണം മുടക്കി നിയമയുദ്ധം നടത്തിയത്. അത് ഫലം കണ്ടതിൽ സന്തോഷമുണ്ട്.

- പി.പി.പോൾ

വ്യാപാരി