കൊച്ചി: കലൂർ - കടവന്ത്ര റോഡിന്റെ പേര് ശ്രീനാരായണഗുരു റോഡ് എന്നു മാറ്റുന്നതിനെതിരെയുള്ള ഹർജിയിൽ പേരുമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ഒരു മാസത്തേക്ക് തത്സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. കലൂർ - കടവന്ത്ര റോഡിന്റെ പേരുമാറ്റത്തിനെതിരെ ഈ മേഖലയിൽ താമസിക്കുന്ന ലോറൻസ് അലക്സ്, സി.ജെ. ഫ്രാൻസിസ്, ഹബീബുള്ളഖാൻ, കലൂർ ജോസഫ് എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഇടക്കാല ഉത്തരവു നൽകിയത്. ഹർജി മൂന്നാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയ സിംഗിൾബെഞ്ച് ഇതിനുള്ളിൽ സർക്കാരും ജി.സി.ഡി.എയും കൊച്ചി നഗരസഭയും സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. നേരത്തെ സ്റ്റേഡിയം ലിങ്ക് റോഡിന്റെ പേര് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചൻ റോഡ് എന്നാക്കി മാറ്റുന്നതിനെതിരെ ഫെഡറേഷൻ ഒഫ് ഹൗസിംഗ് സൊസൈറ്റീസ് ആൻഡ് കൊമേഴ്‌സ്യൽ ബിൽഡിംഗ് ഓണേഴ്‌സ് ഒഫ് സ്റ്റേഡിയം ലിങ്ക് റോഡ് എന്ന സംഘടന ഹർജി നൽകിയിരുന്നു. കലൂർ - കടവന്ത്ര റോഡിന്റെ പേരുമാറ്റത്തിനെതിരായ ഹർജി ഇതിനൊപ്പം പരിഗണിക്കാനാണ് മാറ്റിയിട്ടുള്ളത്.