school

മൂവാറ്റുപുഴ: ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന മുടവൂർ ഗവ.എൽ.പി സ്ക്കൂളിന് ഗ്രാഫിറ്റി പെയ്ന്റിംഗിന്റെ ചന്തം. ഗ്രാഫിറ്റി പെയ്ന്റിംഗ് കാണാൻ നിരവധി പേരാണ് സ്കൂളിലെത്തുന്നത്.

സംസ്ഥാനത്ത് ഗ്രാഫിറ്റി പെയ്ന്റിംഗ് നടത്തിയിട്ടുള്ള ഏക വിദ്യാലയമാണ് മുടവൂർ എൽ.പി സ്കൂൾ. പ്രീ പ്രൈമി ക്ലാസ് റൂമുകളിൽ പ്രകൃതി ദൃശ്യങ്ങളും കാർട്ടൂൺ കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ടോം, ഡോറ എന്നിവയുടെ ഏറ്റവും വലിയ ചിത്രീകരണവും കാണാം. 16 അടി ഉയരമുള്ള ഡോറയും 12 അടി ഉയരമുള്ള ടോമും കുട്ടികളെ ആകർഷിക്കുന്നു. 24 അടി ഉയരത്തിലുള്ള ലൈറ്റ് ഹൗസ് മുടവൂർ ഗ്രാമത്തിന്റെ അക്ഷര വെളിച്ചത്തിന്റെ ഉറവിടമാണെന്ന ആശയത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്കൂൾ ഓഫീസിന് മുൻവശത്ത് സൂര്യനെയാണ് ചിത്രീകരിച്ചിട്ടുള്ളത്. പൂച്ചയും മയിലും ചിത്രശലഭവും മുയലും കൂണും അരയന്നവും കിളികളും മൂങ്ങകളും ചുമരുകളെ വർണാഭമാക്കുന്നു. ക്ലാസ് റൂമിന്റെ അകവും കാർട്ടൂൺ കഥാപാത്രങ്ങളാൽ സമ്പന്നമാണ്. ചിത്ര കലാ അദ്ധ്യാപകനായ ഹസന്റെ നേതൃത്വത്തിൽ സുധാകരൻ തൊടുപുഴ, ടി.എ.കുമാരൻ, അനൂപ് എന്നിവരാണ് ചിത്രീകരണത്തിൽ പങ്കാളികളായത്.