ആലുവ: വർക്ക് ഷോപ്പ് ജീവനക്കാരൻ കീഴ്മാട് മുതിരക്കാട് കുരിശിങ്കൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ സനു കുരിശിങ്കൽ (36) ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മാതാവ്: ആനി. ഭാര്യ: അന്ന. മകൾ: സിയോന.
സനു യാത്രയായത് പൈപ്പ് അറ്റകുറ്റപ്പണിയുടെ
ചിത്രം മൊബൈലിൽ പകർത്തിയശേഷം
ആലുവ: സനു യാത്രയായത് കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജോലിക്കാർ അറ്റകുറ്റപ്പണി നടത്തുന്ന ചിത്രം മൊബൈലിൽ പകർത്തിയശേഷം. ഉടൻ കുടിവെള്ളപ്രശ്നം പരിഹരിക്കുമെന്ന സനുവിന്റെ സന്ദേശം വാട്‌സ് ആപ്പിൽ പ്രചരിക്കുമ്പോൾ സനു ലോകത്തോട് യാത്ര പറഞ്ഞിരുന്നു.
രാവിലെ 10.15 ഓടെ ജി.ടി.എൻ കവലവഴി ജോലിസ്ഥലത്തേക്ക് പോകുമ്പോൾ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന ചിത്രം സനു പകർത്തിയത്. ഉടൻ വാട്സ് ആപ്പിലേക്ക് സന്ദേശവുമയച്ചു. തുടർന്ന് ജോലിസ്ഥലത്ത് എത്തി. അവിടെവച്ച് നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനുവിൻെറ ഭാര്യ അന്ന പൂർണഗർഭിണിയാണ്.
കീഴ്മാട് ജി.ടി.എൻ ജംഗ്ഷനിൽ നിരന്തരം പൈപ്പ് പൊട്ടുന്നത് നന്നാക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിരുന്നില്ല. നാട്ടുകാരനായ ബേബി വർഗീസ് വിഷയം എക്‌സിക്യുട്ടീവ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കരാറുകാർ സമരത്തിലായതിനാൽ പുറമെനിന്ന് ജോലിക്കാരെ എത്തിച്ചാണ് തകരാർ പരിഹരിച്ചത്.