നെടുമ്പാശേരി: തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി ഗവർണർ മുന്നോട്ടുപോകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. അത്താണിയിൽ കാംകോ സന്ദർശിക്കവേ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗവർണർ പദവി തന്നെ ആവശ്യമില്ലെന്ന നിലപാടാണ് സി.പി.ഐക്കുള്ളത്.
തന്റെ പദവിയുടെ ഗൗരവം മനസിലാക്കാതെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഓരോരുത്തരുടേയും പദവിയും ചുമതലയും കൃത്യമായി നിർവഹിക്കാൻ ആ സ്ഥാനത്തിരിക്കുന്നവർ തയ്യാറാകണം. പദവിയുടെ ഗൗരവം ഗവർണർ കാണിക്കുന്നില്ല. സർക്കാരിന്റെ ഭാഗമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട ഗവർണർ അതിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്നം. ഗവർണർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.