
പലയിടത്തും കുടിവെള്ളം പാഴാകുന്നു
ആലുവ: കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കരാറുകാർ ആരംഭിച്ച സമരം മൂന്നാഴ്‌ച പിന്നിട്ടിട്ടും പരിഹാരമില്ലാതെ തുടരുന്നത് ആലുവ മേഖലയിൽ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ആലുവ നഗരത്തിലും കീഴ്മാട് ഗ്രാമപഞ്ചായത്തിലുമായി 30ഓളം കേന്ദ്രങ്ങളിൽ ഭൂഗർഭ പൈപ്പുകൾ പൊട്ടി വെള്ളം ചോരുന്നുണ്ട്.
മൂന്നിടത്ത് മാത്രം പുറമെ നിന്ന് പ്ളംബേഴ്സിനെ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഭൂരിഭാഗം സ്ഥലത്തും ചോർച്ച തുടരുന്നത് ദിവസേന ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാക്കുന്നത്. 15 മാസത്തെ കുടിശിക ഉടൻ നൽകുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക, ചെറുകിട കരാറുകാരെ നിലനിറുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരാറുകാർ കഴിഞ്ഞ മൂന്നിനാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്.
ഡിവിഷൻ ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചാണ് അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. ഇതുവരെയും സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡിവിഷൻ കൺവീനർ കെ.ഐ. ലത്തീഫ് പറഞ്ഞു.
ആലുവ നഗരത്തിൽ മാത്രം പഴയ ബസ് സ്റ്റാൻഡ്, പങ്കജം റോഡ്, നസ്രത്ത് റോഡ്, കീഴ്മാട് പഞ്ചായത്തിൽ തോട്ടുമുഖം ക്രസന്റ് സ്‌കൂൾ, കുട്ടമശേരി സർക്കുലർ റോഡ്, പന്തലുമാവുങ്കൽ റോഡ്, മഹിളാലയം കീരംകുന്ന് റോഡ്, ചുണങ്ങംവേലി റോഡ്, ആശാരിമുകൾ, മോസ്‌കോ, എടയപ്പുറം നേച്ചർ കവല, സൊസൈറ്റിപ്പടി എന്നിവിടങ്ങളിലെല്ലാം ചോർച്ചയുണ്ട്.
തുരുത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടൽ തുടർക്കഥയായി. ചെങ്ങമനാട് പഞ്ചായത്തിൽപ്പെട്ട തുരുത്ത് സ്‌കൂളിനു സമീപം അടുത്തടുത്ത ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. തുരുത്തിൽ പൈപ്പ് പൊട്ടുന്നതോടെ റോഡിൽ ടാറിംഗ് തകർന്ന് അപകടകരമായകുഴികളും രൂപപ്പെട്ടിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് റോഡിന്റെ മദ്ധ്യത്തിൽ കൂടിയാണ് പൈപ്പ് സ്ഥാപിച്ചത്. പിന്നിട് അതിനു മുകളിൽ ടാർ ചെയ്യുകയായിരുന്നു. ഈ പൈപ്പുകൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് കുടിവെള്ളം മുടങ്ങാതിരിക്കുന്നതിനുള്ള ശാശ്വത പരിഹാരമെന്ന് തുരുത്ത് പെരിയാർ റസിഡന്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കീഴ്മാട് ബദൽ അറ്റകുറ്റപ്പണി
കീഴ്മാട് ജി.ടി.എൻ ജംഗ്ഷനിൽ നിരന്തരം പൈപ്പ് പൊട്ടുന്നത് നന്നാക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല. കരാറുകാരുടെ സമരത്തെ തുടർന്ന് ബദൽ സംവിധാനമൊരുക്കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. നാട്ടുകാരനായ ബേബി വർഗീസ് ഈ വിഷയം എക്‌സിക്യുട്ടീവ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കരാറുകാരുടെ സമരത്തെ തുടർന്ന് ജോലിക്കാരെ കൂലിക്ക് വിളിച്ചാണ് അറ്റകുറ്റപ്പണി ചെയ്യിച്ചത്.