പറവൂർ: കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ ബീം തകർന്ന് ദേഹത്തുവീണ് ബിഹാർ സ്വദേശി നസറുല്ല മിയ (47) മരിച്ചു. ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത ചെറിയപ്പിള്ളിയിലെ ഒരു കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ സ്വദേശിയായ കരാറുകാരന്റെ തൊഴിലാളിയായ നസറുല്ല മിയ കൊടുങ്ങല്ലൂർ മൂന്നുപീടികയിലാണ് താമസം. ഭാര്യയും മൂന്ന് മക്കളും ബീഹാറിലാണ്. സ്ലാബിന്റെ അടിയിൽ അകപ്പെട്ടു പോയെ ഇയാളെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഉടനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വയറിനും നട്ടെല്ലിനും കാലുകൾക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം പിന്നീട്.