നഗരമദ്ധ്യത്തിലെ കമ്മട്ടിപ്പാടത്തിന്റെ വെള്ളക്കെട്ടിന് പരിഹരിക്കും
കൊച്ചി : മഴപെയ്താൽ വെള്ളക്കെട്ടിലാവുന്ന കമ്മട്ടിപ്പാടത്തെ മോചിപ്പിക്കാൻ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിഗണനയിൽ. ആദ്യപടിയായി സൗത്ത് റെയിൽവേ ക്രോസിംഗിന്റെ സമീപത്ത് കൂടി കടന്നുപോകുന്ന തേവര-പേരണ്ടൂർ കനാലിന്റെ അസ്വഭാവികമായ വളവു നിവർത്തും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും സൗത്ത് റെയിൽവേസ്റ്റേഷനിലെയും രൂക്ഷമായ വെള്ളക്കെട്ടിന് ഇതോടെ ഒരു പരിധി വരെ പരിഹാരമാകുമെന്ന് ജലസേചന വകുപ്പു നടത്തിയ പഠനത്തിൽ കണ്ടെത്തി.
ചെലവ് 3.6 കോടി രൂപ
കമ്മട്ടിപാടം പദ്ധതിക്ക് 3.6 കോടി രൂപ ചെലവു കണക്കാക്കുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ പത്തു കോടിയിൽ നിന്ന് ഇതിനുള്ള വിഹിതം കണ്ടെത്തും. കോർപ്പറേഷൻ ഉൾപ്പെടെ വിവിധ ഏജൻസികളുമായി സഹകരിച്ച് ഇറിഗേഷൻ വകുപ്പ് പദ്ധതി നടപ്പാക്കും. വെള്ളക്കെട്ട്നിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് കമ്മട്ടിപ്പാടം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
കനാലിനെ നേർരേഖയിൽ
ബന്ധിപ്പിക്കും
വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ അടഞ്ഞുപോയതാണ് കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ടിന് കാരണമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രന്റെ നേതൃത്വത്തിൽ ജലസേചനവകുപ്പ് സെൻട്രൽ സർക്കിൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. നഗരമദ്ധ്യത്തിലാണെങ്കിലും ഒറ്റപ്പെട്ടുക്കിടക്കുന്ന പ്രദേശമാണ് കമ്മട്ടിപ്പാടം. പടിഞ്ഞാറ് എറണാകുളം–തൃശൂർ റെയിൽപ്പാതയും വടക്ക് എറണാകുളം–കോട്ടയം റെയിൽപ്പാതയും കിഴക്ക് തേവര–പേരണ്ടൂർ കനാലും തെക്ക് മുല്ലശേരി കനാൽ ചേരുന്ന ഭാഗവുമാണ്.
റെയിൽപ്പാതകൾ മുറിച്ചുപോകുന്ന വടക്കുഭാഗത്ത് കനാലിന്റെ വീതികുറവും അസ്വാഭാവിക വളവുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇവിടെ 1. 2 മീറ്റർമാത്രമാണ് കനാൽവീതി. വീതികുറഞ്ഞ റെയിൽവേ കൽവർട്ടിലൂടെയാണ് കനാൽഭാഗങ്ങളെ ബന്ധിപ്പിച്ചിട്ടുള്ളത്. ഇവിടെ 81 മീറ്റർ നീളമുള്ള അസ്വാഭാവിക വളവിലൂടെ വേണം വെള്ളമൊഴുകാൻ. റെയിൽപ്പാതയ്ക്ക് ഇരുപുറത്തും കനാലിനെ പുഷ്ത്രൂ മാതൃകയിൽ നേർരേഖയിൽ ബന്ധിപ്പിക്കലാണ് പരിഹാരം. അപ്പോൾ കനാൽ നീളം പകുതിയായി കുറയും.
പ്രധാന നിർദ്ദേശങ്ങൾ
കിഴക്ക് പേരണ്ടൂർ കനാലിലേക്ക് മഴവെള്ളം ഒഴുക്കിവിടാനുള്ള മാർഗമില്ല. മുല്ലശേരി കനാൽ ജംഗ്ഷനിൽനിന്ന് റെയിൽപ്പാതയ്ക്ക് സമാന്തരമായി കോർപ്പറേഷൻ നിർമിച്ച കാനയുണ്ട്. വടക്ക് റെയിൽ കൽവർട്ടിന് 150 മീറ്റർ അകലെ തീരുന്ന കാന പേരണ്ടൂർ കനാൽവരെ നീട്ടണം. ഈ ഭാഗത്ത് വാട്ടർഅതോറിറ്റിയുടെ മൂന്ന് കുഴലുകളും കനാലിനടിയിലൂടെ പോകുന്നു. ഇതു നീക്കിയാൽ കെ.എസ്.ആർ.ടി.സി, സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തെ വെള്ളപ്പൊക്കം പരിഹരിക്കാം.
പേരണ്ടൂർ–മുല്ലശേരി കനാൽ ജംഗ്ഷൻ ചെളിയടിഞ്ഞു തടസപ്പെട്ട നിലയിലാണ്. കനാലിലെ നീരൊഴുക്ക് തടസപ്പെടുത്തിയാണ് ബി.പി.സി.എല്ലിന്റെ എണ്ണക്കുഴൽ. മുല്ലശേരി കനാൽ തട്ടിലെ നിർമാണാപാകം പരിഹരിക്കുന്നതും നീരൊഴുക്ക് സുഗമമാക്കും.
പ്രദേശത്തെ നാല് കൽവർട്ടുകൾ പൊളിച്ച് വീതിയും ആഴവും കൂട്ടി പുനർനിർമിക്കുക,
വെള്ളം തിരിച്ചൊഴുകുന്നത് തടയാൻ മുല്ലശേരി കനാൽ ജംഗ്ഷനിൽ ഷട്ടറുള്ള സ്ലൂയിസ് സ്ഥാപിക്കുക, കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.