നെടുമ്പാശേരി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ എക്‌സിബിഷനും നാളെ മുതൽ 25 വരെ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, സ്വാഗതസംഘം ജനറൽ കൺവീനർ രാജീവ് ഉപ്പത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 10.30ന് മന്ത്രി ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിക്കും. കെ.എം.പി.എ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ജി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിക്കും. 24ന് രാവിലെ 10 മുതൽ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ. 11.30ന് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ജില്ലാ കുടുംബ സംഗമം ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ താരം സലിം പി. ഹസൻ മുഖ്യാതിഥിയായിരിക്കും.

പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിൽ നിന്നുള്ള പേപ്പർ കയറ്റുമതി നിയന്ത്രിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ കയറ്റുമതി മൂലം ഇവിടത്തെ പ്രിന്റിംഗ് സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുകയാണ്. അച്ചടികൾ കുറച്ച് എല്ലാം ഓൺലൈൻ ആക്കുന്ന സർക്കാർ നടപടി നിർത്തലാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിദേശ കമ്പനികളുടേത് ഉൾപ്പെടെ 30 പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സിബിഷനിൽ ഉണ്ടാകുമെന്ന് സി.ഇ.ഒ ബി.പി. മിശ്ര പറഞ്ഞു.

സംസ്ഥാന കോഓർഡിനേറ്റർ ജോൺസൺ പടയാട്ടിൽ, സംസ്ഥാന സെക്രട്ടറി പി.കെ. സുരേന്ദ്രൻ, സാനു പി. ചെല്ലപ്പൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.