
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുന്നത്തുനാട് യൂണിയനിൽ നടന്ന മഹാസമാധി ദിനാചരണത്തിൽ ദീപപ്രോജ്ജ്വലനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായ മഹാപ്രസ്ഥാനമാണിതെന്ന് അക്കൂട്ടർക്ക് ഇതുവരെ മനസിലായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അവരുടെ ശ്രമങ്ങൾ ഫലിക്കാതെ പോകുന്നതെന്നും തുഷാർ പറഞ്ഞു.
യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജിത്ത് നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു എന്നിവർ സംസാരിച്ചു. ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ശാന്തിയുടെ നേതൃത്വത്തിൽ ഗുരു മണ്ഡപത്തിൽ വിശേഷാൽ പൂജകൾ നടന്നു. യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, എപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, വൈദിക സമിതി, സൈബർസേന, മുൻ യൂണിയൻ ഭാരവാഹികൾ,വിവിധ ശാഖ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.