കൊച്ചി: കേരളം സംരംഭകരുടെ നാടായി മാറുകയാണെന്നും സംരംഭക സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ചീഫ് സെക്രട്ടറി വി.പി ജോയ്. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൂല്യവർധിത ഉത്പ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയുള്ള സംരംഭങ്ങളാണ് കേരളത്തിന് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്രേഡ് എക്സ്പോയുടെ പവലിയൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് സെക്രട്ടറി.
പവിലിയന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് നിർവഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി, മദ്യം, പ്രവാസി ഫണ്ട് എന്നിവയിലൂടെയാണ് കേരളത്തിന്റെ നിലനിൽപ്പെന്നും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും നമ്മുടേതായ ഉത്പന്നങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഉത്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്‌സപോയ്ക്ക് തുടക്കം കുറിച്ചതെന്നും നിസാർ ഇബ്രാഹിം പറഞ്ഞു.
സാന്റാ മോണിക്ക എം.ഡി ഡെന്നീസ് വട്ടക്കുന്നേൽ, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എം.യു. അഷ്‌റഫ്, സി. നാസർ, ഇ.ഡി. ജോയി, അഫ്‌സൽ കുഞ്ഞുമോൻ, വിജി ശ്രീലാൽ, റെജി ഇല്ലിക്കപറമ്പിൽ, കിഷിത ജോർജ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോ.സെക്രട്ടറി ടോം ജേക്കബ്, ഡോ. പി.പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.പി.പി. മത്തായി സ്വാഗതവും റഫീഖ് മരക്കാർ നന്ദിയും പറഞ്ഞു.
എക്‌സപോയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവഹിക്കും. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എം എൽ.എമാരായ ഉമ തോമസ്, കെ.ജെ. മാക്‌സി, ആന്റണി ജോൺ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന കലാസന്ധ്യ. മുന്നൂറോളം സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്. കുടുംബശ്രീയുടെ ഭക്ഷണശാലയുമുണ്ട്.