മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഊറ്റകുഴി, കൽചിറ തോട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയെന്ന പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൂന്നാം വാർഡ് അംഗം റെജീന ഷിഹാജ് നൽകിയ പരാതിയിലാണ് പരിശോധന.

കൽചിറ തോടിന് ഇരുകരകളിലുമുള്ള കിണറുകളിലെ വെള്ളത്തിന്റെ സാംപിൾ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസംഘം ശേഖരിച്ചിട്ടുണ്ട്. തോടിലേക്ക് മാലിന്യം ഒഴുക്കുന്ന കമ്പനികളിലും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തി. വ്യവസായശാലകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ തോട്ടിലേക്ക് തുറന്നുവിടുന്നതിനാലാണ് തോടിൽ മാലിന്യം നിറഞ്ഞത്. കൽചിറ തോടിന് സമീപം നിരവധി പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. വ്യവസായശാലകളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കക്കൂസ് മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഒരുകാലത്ത് ശുദ്ധജലാശയമായിരുന്ന തോടിലൂടെ ഇപ്പോൾ കറുത്ത വെള്ളമാണ്ഒഴുകുന്നത്. ഇതോടെ സമീപത്തെ കിണറുകൾ അടക്കം മലിനമായിക്കഴിഞ്ഞു. ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസായിരുന്ന തോട് സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ പറഞ്ഞു.