t
പ്രതി അഖിൽ

തൃപ്പൂണിത്തുറ: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പെയിന്തറ കോളനിയിൽ മാലായിൽവീട്ടിൽ അനിൽകുമാറിന്റെ മകൻ അച്ചു എന്നു വിളിക്കുന്ന അഖിലിനെയാണ് (27) പിടികൂടിയത്. കഴിഞ്ഞ 18ന് വൈകിട്ട് ഇരുമ്പനത്തുവച്ചാണ് സംഭവം.

പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസിനെ (28) മുൻ വൈരാഗ്യം തീർക്കുന്നതിനുവേണ്ടി വിളിച്ചുവരുത്തി ഇയാൾ കത്തിക്ക് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിന് കുത്തേറ്റ് ചോരവാർന്ന പ്രവീൺ മുണ്ടുകൊണ്ട് വയർചുറ്റിക്കെട്ടി മോട്ടോർ സൈക്കിൾ ഓടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ആശുപത്രി ജീവനക്കാർ ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഉദയംപേരൂർ മാളേകാട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ സി.ഐ ഗോപകുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ തൃശൂർ നെടുപുഴ, ഉദയംപേരൂർ, തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്.

സി.ഐ ഗോപകുമാർ, എസ്.ഐമാരായ എം. പ്രദീപ്, രാജൻപിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.