കൊച്ചി: ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അപേക്ഷ തള്ളിയതിനെതിരെ വൈക്കം തലയാഴം സ്വദേശി സുരേഷ് ആർ. പോറ്റി നൽകിയ ഹർജിയിൽ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിക്കാരൻ കഴിഞ്ഞ വർഷം നൽകിയ അപേക്ഷ പ്രതികൂലമായ വിജിലൻസ് റിപ്പോർട്ടുണ്ടെന്ന് പറഞ്ഞ് തള്ളിയിരുന്നു. മലയാള ബ്രാഹ്മണനല്ലെന്നും ഇയാളെക്കുറിച്ച് നല്ല അഭിപ്രായമല്ലെന്നുമുള്ള റിപ്പോർട്ടാണ് ദേവസ്വം വിജിലൻസ് നൽകിയിരുന്നത്. ഇതിനെതിരെ നൽകിയ ഹർജിയിൽ, സമാന സാഹചര്യമുണ്ടായാൽ പ്രതികൂല റിപ്പോർട്ടും ഇതിനായി പരിഗണിച്ച രേഖകളും നൽകി ഹർജിക്കാരന്റെ വാദംകേട്ട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി അന്ന് ഉത്തരവിട്ടത്. എന്നാൽ ഇത്തവണ നൽകിയ അപേക്ഷ ഈ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ദേവസ്വം ബോർഡ് തള്ളിയതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. തുടർന്ന് ദേവസ്വം സെക്രട്ടറിയോട് ഫയലുകളുമായി നേരിട്ട് ഹാജരാകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. രേഖകൾ പരിശോധിച്ച ഡിവിഷൻ ബെഞ്ച് മുൻ ഉത്തരവ് പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ ഉത്തരവിട്ടത്.