nagarasabha

മൂവാറ്റുപുഴ: പൊതു ഇടങ്ങളിൽ നിന്നി മാലിന്യം പൂർണമായി ഒഴിവാക്കാൻ 'മാലിന്യരഹിത തെരുവുകൾ' പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിടുന്നത് തടയുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

നഗരസഭയ്ക്കു കീഴിലെ 21-ാം വാർഡ് പരിധിയിൽ വരുന്ന സബ് ജയിൽ മുതൽ എസ്.എൻ.ഡി.പി ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും പദ്ധതിയുടെ പ്രാഥമിക ഘട്ടമായി വൃത്തിയാക്കി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ, ഹരിത കർമ്മസേന ഏജൻസിയായി പ്രവർത്തിക്കുന്ന ക്രിസ്‌ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മാലിന്യരഹിത തെരുവുകൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, തെരുവുകളുടെ ഇരുവശങ്ങളും വൃത്തിയാക്കി മാലിന്യം തള്ളാതിരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചും ചെടികൾ നട്ടും റോഡിന് ഇരുവശവും സൗന്ദര്യവത്കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ നീക്കംചെയ്ത 21-ാം വാർഡിൽ ഇനി മുതൽ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ പിഴ ചുമത്തും. വരും ദിവസങ്ങളിൽ നഗരസഭാ പരിധിയിലെ എല്ലാ വാർഡുകളിലെയും പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. പദ്ധതിയുടെ ഭാഗമായി നിലവിൽ ഈ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപിച്ചിരുന്നവർക്ക് ബോധവത്കരണം നൽകി. ഇവർക്ക് തുടർന്ന് മാലിന്യം വീടുകളിൽ സംസ്കരിക്കുകയോ ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയോ ചെയ്യണം. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനും പരാതികൾക്കും 9496002423 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എം. അബ്ദുൽ സലാം, 21-ാം വാർഡ് കൗൺസിലർ ജിനു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹെൽത്ത്‌ സൂപ്പർവൈസർ ഇ.കെ.സഹദേവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ.ഷീജ, ബിന്ദു രാമചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.