വൈപ്പിൻ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിഹിതബാധ്യതയിൽ പഞ്ചായത്തുകൾക്ക് സർക്കാർ സഹായം ലഭ്യമാക്കുമെന്ന് കെ. എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് എടവനക്കാട് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നും അദ്ദേഹം.

മണ്ഡലത്തിൽ 14.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ ഇതുവരെ ആകെ 5948 കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്. കടമക്കുടി, എടവനക്കാട് പഞ്ചായത്തുകളിൽ പദ്ധതി ഇതിനകം തന്നെ നൂറുശതമാനം പൂർത്തിയായി. കടമക്കുടിയിൽ 482ഉം എടവനക്കാട് 707ഉം കണക്ഷനുകളാണ് നൽകിയത്. എളങ്കുന്നപ്പുഴയിൽ 240ഉം മുളവുകാട് 80ഉം ഉൾപ്പെടെ 407 കണക്ഷനുകൾ കൂടിയാണ് ഇനി മണ്ഡലത്തിൽ പൂർത്തിയാക്കേണ്ടത്.
വൈപ്പിൻ മേഖലയിൽ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുന്നതിന് ചൊവ്വര ജലശുദ്ധീകരണശാലയിൽ നടപടിക്രമങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ജലശുദ്ധീകരണശാലയിൽ തുടരെയുണ്ടാകുന്ന വൈദ്യുതി തടസത്തിനു ശാശ്വത പരിഹാരമായി കെ.എസ്.ഇ.ബിക്ക് പുതിയ സബ്‌സ്റ്റേഷന് അനുമതി ലഭിച്ചിട്ടുണ്ട്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയരാജ്, മേരി വിൻസെന്റ്, വി.എസ്.അക്ബർ, രമണി അജയൻ, കെ.എസ്. നിബിൻ, അസീന അബ്ദുൽസലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി രാജു, കെ.പി.വിപിൻരാജ്, വൈപ്പിൻ ബി.ഡി.ഒ ശ്രീദേവി കെ.നമ്പൂതിരി, ജല അതോറിറ്റി പറവൂർ അസി.എക്‌സി. എൻജിനിയർ കെ.ജെ.തെരേസ റിനി, അസി.എൻജിനിയർമാരായ ഷാനു പോൾ, എൻ.പി.ബിബിൻ എന്നിവരും പങ്കെടുത്തു.