നെടുമ്പാശേരി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം ദേശീയപാതയിൽ സ്ഥാപിച്ച ബാനറിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെട്ടത് വിവാദമായി. ചെങ്ങമനാട് കോട്ടായിയിൽ സ്ഥാപിച്ച ബാനറിലാണ് സവർക്കർ ഇടം നേടിയത്.
കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഐ.എൻ.ടി.യു.സി നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷാണ് ബാനർ സ്ഥാപിക്കാൻ കരാറെടുത്തത്. രവീന്ദ്രനാഥ ടാഗോർ, ആനിബസന്റ്, ചന്ദ്രശേഖർ ആസാദ്, അബ്ദുൾകലാം ആസാദ്, ഗോവിന്ദ് വല്ലഭപന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു സവർക്കറും. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ചിത്രം മൊബൈൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. 30 മിനിറ്റിനകം ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്തുകൊണ്ടുവന്ന് സവർക്കറെ മറച്ചെങ്കിലും അതും എതിരാളികൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഫ്ളക്സ് പ്രിന്റിംഗ് സ്ഥലത്ത് നിന്ന് അബദ്ധത്തിൽ കടന്നുകൂടിയതാണെന്നാണ് സുരേഷിന്റെ വിശദീകരണം. അൻവർ സാദത്ത് എം.എൽ.എയുടെ ബൂത്തിലാണ് അബദ്ധം പിണഞ്ഞത്. സംഭവത്തെ തുടർന്ന് സുരേഷിനെ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി പറയുന്നു.