കൊച്ചി: ചെറുകിട വായ്പകൾ തിരിച്ചടയ്ക്കാത്തവരെ ക്രിമിനലുകളാക്കി വീട് ജപ്തി ചെയ്യുന്നവർ വൻകിട കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കിട്ടാക്കടമായി എഴുതിത്തള്ളുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷവും വിഭജനവും നയമാക്കിയ ആർ.എസ്.എസിനും ബി.ജെ.പിക്കും ജനങ്ങളും കോൺഗ്രസും തിരിച്ചടി നൽകും. ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ ആദ്യദിവസത്തെ സമാപനം കുറിച്ച് ആലുവയിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും നടുവിൽ ജനങ്ങൾ വിഷമിക്കുമ്പോൾ ചിലർ മാത്രം അതിസമ്പന്നരാകുന്നു. ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാൾക്കാണ് നേട്ടങ്ങൾ ലഭിക്കുന്നത്. ഏതു ബിസിനസും വിലയ്ക്ക് വാങ്ങാൻ അദ്ദേഹത്തിന് ശേഷിയുണ്ട്. അതിനുള്ള പണം ലഭിക്കുന്നത് പൊതുമേഖലാ ബാങ്കുകളിൽ നിന്നാണ്. സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ചായക്കടക്കാർക്കും വായ്പയായി ലഭിക്കേണ്ട പൊതുപണമാണ് വൻകിടക്കാരൻ വാങ്ങുന്നത്. അവർ മന:പൂർവം കുടിശിക വരുത്തിയാൽ കിട്ടാക്കടമെന്ന് എഴുതിത്തള്ളും. സാധാരണക്കാരനാണ് വായ്പക്കാരനെങ്കിൽ ജപ്തി ചെയ്ത് തെരുവിലിറക്കുകയാണ്.
ഉയർന്ന വിലയ്ക്ക് പെട്രോളും പാചകവാതകവും വാങ്ങുമ്പോൾ, ആ പണം എവിടെ പോകുന്നെന്ന് ജനങ്ങൾ ചോദിക്കണം. അത് ആർക്ക് ലഭിക്കുന്നെന്ന് അന്വേഷിക്കണം. സബ്‌സിഡികൾ ഒന്നിനും ലഭിക്കുന്നില്ല. സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന നികുതിത്തുക സ്വന്തക്കാരായ കോർപ്പറേറ്റുകൾക്ക് നൽകുകയാണ് പ്രധാനമന്ത്രി.
വിഭജനവും വിദ്വേഷവും വിരോധവും വളർത്താനുള്ള നീക്കം അനുവദിക്കില്ലെന്നാണ് യാത്ര മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയം. സാധാരണക്കാരോടുള്ള അനീതിയെ ചെറുക്കും. ജനങ്ങളോടുള്ള ധിക്കാരവും ധാർഷ്ട്യവും അംഗീകരിക്കില്ല. യഥാർത്ഥ ഇന്ത്യയെന്തെന്ന സന്ദേശമാണ് യാത്ര നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുദേവനെ വണങ്ങി രാഹുൽ
രാജ്യത്തിന് എല്ലാക്കാലത്തും ദിശാബോധം നൽകുന്ന ദർശനങ്ങളാണ് ശ്രീനാരാണഗുരുവിന്റേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുദേവന്റെ സ്മരണങ്ങൾക്ക് മുമ്പിൽ വണങ്ങുന്നു. അദ്ദേഹത്തിന്റെ ഓർമ്മദിവസം കേരളത്തിൽ കഴിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
രാഹുൽ ഗാന്ധി രാവിലെ കുമ്പളത്ത് യാത്ര ആരംഭിച്ചതും ഗുരുദേവന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ച നടത്തിയ ശേഷമായിരുന്നു.