മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് തുലാസി​ൽ

കൊച്ചി: കലൂർ അറവുശാല അടച്ചുപൂട്ടുവാൻ കരാറുകാരന് നോട്ടീസ് നൽകുമെന്ന് കോർപ്പറേഷൻ പറഞ്ഞുതുടങ്ങി​യി​ട്ട് നാളേറെയായി​. അറവുശാല അടച്ചു പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടു തവണ ഉത്തരവി​ട്ടി​രുന്നു.

എന്നാൽ ഉത്തരവു പാലിക്കാതെ മൂന്നു മാസം കൂടി പ്രവർത്തനാനുമതി നീട്ടി നൽകി​ കോർപ്പറേഷൻ. ഉത്തരവ് നടപ്പാക്കാത്തതിനു കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈമാസം ആദ്യം കാരണം കാണിക്കൽ നോട്ടിസ് നൽകി. തുടർന്നാണ് അറവുശാല അടച്ചുപൂട്ടാൻ കോർപ്പറേഷൻ നോട്ടിസ് നൽകിയത്. എന്നാൽ ഒന്നും സംഭവി​ച്ചി​ല്ല. അറവുശാല ഇന്നലെയും പതിവുപോലെ പ്രവർത്തിച്ചു. മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് അറവുശാലയുടെ പ്രശ്നം.

കിഫ്ബി പദ്ധതി പ്രകാരം കലൂരിൽ ആധുനിക അറവുശാല നിർമ്മിക്കാനുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറയുന്നു. പല കാരണങ്ങളാൽ വർഷങ്ങളായി പദ്ധതി വൈകുകയാണ്. കലൂർ അറവുശാല അടച്ചു പൂട്ടുന്ന സമയത്ത് കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യ (എം.പി.ഐ) കേന്ദ്രത്തിൽ അറവിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും കോർപ്പറേഷൻ വക്താവ് പറഞ്ഞു.

അറവുശാലയിൽ ആവശ്യമായ സൗകര്യങ്ങൾ സ്വന്തം നിലയിൽ ഏർപ്പെടുത്താമെന്നു കരാറുകാരൻ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറവുമൃഗങ്ങളുടെ രക്തം ശേഖരിക്കാനുള്ള സൗകര്യവും ബയോഗ്യാസ് പ്ലാന്റും കരാറുകാരൻ സ്ഥലത്തു സ്ഥാപിക്കും. രക്തം ശേഖരിച്ച ശേഷം ബ്രഹ്മപുരത്തെ സംസ്കരണ പ്ലാന്റിൽ കൊണ്ടു പോയി സംസ്‌കരിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുവച്ച ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി അറവുശാല താത്കാലികമായി അടയ്ക്കും. പിന്നീട് മൂന്നുമാസം കൂടി പ്രവർത്തിക്കാൻ കോർപ്പറേഷൻ വീണ്ടും അനുമതി നൽകും.

ടി.കെ. അഷ്റഫ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ

 സമരം തുടങ്ങും

പരിസ്ഥിതി മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചു പ്രവർത്തിക്കുന്ന അറവുശാല അടച്ചുപൂട്ടിയില്ലെങ്കിൽ പ്രദേശത്തു തദ്ദേശവാസികൾ സമരമാരംഭിക്കുമെന്ന് ഡിവിഷൻ കൗൺസിലർ രജനി മണി പറഞ്ഞു.

നിത്യേന 350 ഓളം മാടുകളെ അറക്കുന്ന അറവുശാലയിൽ നി​ന്ന് പേരണ്ടൂർ കനാലിലേക്കാണ് രക്തമെല്ലാം ഒഴുക്കുന്നത്. കനാലിനെ മലിനമാക്കുന്നതിൽ അറവുശാലയ്ക്ക് വലിയ പങ്കുണ്ടെന്ന വി​മർശനം ശക്തമാണ്. കോർപ്പറേഷൻ, പി.സി.ബി, ഫുഡ് ആൻഡ് സേഫ്ടി എന്നിങ്ങനെ ഒരു സ്ഥാപനത്തിന്റെയും ലൈസൻസില്ലാതെയാണ് അറവുശാലയുടെ പ്രവർത്തനം. നിയമപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതുവരെ അറവുശാലയ്ക്കെതിരെയുള്ള പോരാട്ടം തുടരും.

എൻ.എസ്. ഉണ്ണിത്താൻ, ജനറൽ സെക്രട്ടറി

ആന്റി​ കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ്