കോലഞ്ചേരി: പാർലമെന്റിനോടും ജനാധിപത്യത്തോടും ഭരണഘടനയോടും ബഹുമാനമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മി​റ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന ടി.കെ. പുരുഷോത്തമൻ നായർ അനുസ്മരണത്തോടനുബന്ധിച്ച് പട്ടിമ​റ്റത്ത് സംഘടിപ്പിച്ച പൗരവകാശ ധ്വംസനത്തിനെതിരായ ജനകീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കലാണ് സംഘ പരിവാറിന്റെ ലക്ഷ്യം. ഭരണഘടനയെ തകർക്കലാണ് ആർ.എസ്.എസ് നിയന്ത്രണത്തിലെ ഭരണകൂടത്തിന്റെ ശ്രമം. പൗരാവകാശ പ്രവർത്തകരെയും ജനാധിപത്യത്തിനായി പോരാടുന്നവരെയും ജയിലിൽ അടച്ച് പീഢിപ്പിക്കുന്നു.
പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി സി.കെ.വർഗീസ് അദ്ധ്യക്ഷനായി. ഡോ.സെബാസ്റ്റ്യൻ പോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവദർശനൻ, കെ.കെ.ഏലിയാസ്, പി.ടി.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.