ഫോർട്ടുകൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽനിന്ന് പൊലീസ് ഏറ്റെടുത്ത ഏഴ് തോക്കുകൾകൂടി ഇന്നലെ കോടതിയിൽ ഹാജരാക്കി. നേരത്തേ അഞ്ച് തോക്കുകൾ പൊലീസിന് കൈമാറിയിരുന്നു. ഇതോടെ പൊലീസ് ഏറ്റെടുത്ത തോക്കുകളുടെ എണ്ണം പന്ത്രണ്ടായി. ഇവയും ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കും.
ഇന്നലെയും നാവികരുടെ മൊഴിയെടുക്കൽ തുടർന്നു. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് എസ്.ഐ സംഗീത് ജോബിന്റെ നേതൃത്വത്തിലാണ് നടപടി. ഇന്ന് ഹാജരാകുന്നതിന് മൂന്നുപേർക്കുകൂടി നോട്ടീസ് നൽകിയിട്ടുണ്ട്. നാവിക പരിശീലന കേന്ദ്രത്തിൽനിന്നുതന്നെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.