rahul-gandhi

നെടുമ്പാശേരി: അൻവർ സാദത്ത് എം.എൽ.എയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയ മകൾ സഫ ഫാത്തിമ തിരക്കിനിടയിൽ പിന്നിലായി. കുട്ടി സങ്കടപ്പെട്ടു കരയുന്നത് ശ്രദ്ധയിൽപ്പെട്ട അംഗരക്ഷകൻ മുൻനിരയിലെത്തിച്ചു. രാഹുൽ ഗാന്ധി വിവരം തിരക്കി സമാധാനിപ്പിച്ചതോടെ ഹാപ്പിയായ സഫ ഫാത്തിമ പിന്നെ രാഹുലിന്റെ കരം പിടിച്ചായിരുന്നു സ്വീകരണ കേന്ദ്രം വരെയുള്ള യാത്ര.

യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം പറമ്പയത്ത് നിന്നാരംഭിച്ചപ്പോഴാണ് അൻവർ സാദത്തിനൊപ്പം മകളും എത്തിയത്. യാത്ര പാതിവഴി പിന്നിട്ടപ്പോഴേക്കും തിരക്കുമൂലം സഫ പിന്നിലാവുകയായിരുന്നു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ സഫയുടെ വിശേഷങ്ങൾ യാത്രയ്ക്കിടെ രാഹുൽ ചോദിച്ചറിയുകയും ചെയ്തു. ബുധനാഴ്ച്ച അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയും മൂത്തമകളും ഉൾപ്പെടെ വീട്ടുകാരെല്ലാം യാത്രയിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു.