കോതമംഗലം: കേന്ദ്ര പഠന സംഘം വാരപ്പെട്ടി സർവീസ് സഹകരണ സംഘത്തിലെ മൂല്യവർദ്ധിത ഉത്പന്ന കേന്ദ്രം സന്ദർശിച്ചു. ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾ നേരിൽക്കണ്ടു പഠിക്കുന്നതിനാണ് കേന്ദ്ര സഹകരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സിമി കിരണിന്റെ നേതൃത്വത്തിലെ സംഘം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രിൻസിപ്പൽ ആർ.കെ.മേനോൻ, ഫാക്കൽറ്റി ഡോ. ജയമോഹൻ നായർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പദ്ധതിയിൽപ്പെടുത്തി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് എം.ജി.രാമകൃഷ്ണൻ, സെക്രട്ടറി ടി.ആർ.സുനിൽ എന്നിവർ ഗവൺമെന്റ് സെക്രട്ടറിക്ക് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചു.