crime
മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൽദോസ്

മൂവാറ്റുപുഴ: ബാങ്കിലെ കളക്ഷൻ ഏജന്റിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച മൂവാറ്റുപുഴ മാർക്കറ്റിലെ ഒരു വ്യാപാരിക്കെതിരെ പൊലീസ് കേസടുത്തു. കേരള ബാങ്ക് മൂവാറ്റുപുഴ ശാഖയിലെ ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റ് പായിപ്ര നാരിയേലിൽ എൽദോസ്.എൻ. മാത്യുവിനാണ് (56) മർദ്ദനമേറ്റത്. മർദ്ദനത്തിനിടെ 23,000 രൂപയും എൽദോസിന്റെ പക്കൽനിന്ന് നഷ്ടമായി. വലത് തോളെല്ലിന് പൊട്ടലേറ്റ എൽദോസ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. ബാങ്കിന്റെ വായ്പ തിരിച്ചടവിലേക്കുള്ള കളക്ഷൻ ആവശ്യപ്പെട്ടെങ്കിലും വ്യാപാരി നൽകിയില്ല. തുടർന്ന് തൊട്ടടുത്ത സ്ഥാപനത്തിൽനിന്ന് കളക്ഷനെടുത്ത് രശീത് നൽകുന്നതിനിടെ ഈ വ്യാപാരിയെത്തി എൽദോസിനെ മർദ്ദിക്കുകയായിരുന്നു. കസേരകൊണ്ട് തലയിൽ അടിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ എൽദോസിന് തോളെല്ലിന് അടിയേൽക്കുകയുമായിരുന്നു. തുടർന്ന് നിലത്ത് തള്ളിയിട്ട ശേഷവും മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ എൽദോസിനെ സമീപമുള്ള കടക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. വ്യാപാരിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കേരള ബാങ്ക് അധികൃതരും അറിയിച്ചു.