rahul

കൊച്ചി: കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര 15 ദിവസം കൊണ്ട് 325 കിലോമീറ്റർ പിന്നിട്ട് എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഇന്നലെ രാവിലെ 7ന് ആലുവ പറമ്പയത്ത് ആരംഭിച്ച യാത്ര 16 കിലോമീറ്റർ പിന്നിട്ട് ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ ഉച്ചയ്ക്ക് സമാപിച്ചു. ഉച്ചയ്ക്കുശേഷം തൃശൂർ ജില്ലയിൽ പ്രവേശിച്ചു.

ആലുവ യു.സി കോളേജ് വളപ്പിൽ താമസിച്ച രാഹുലും സഹയാത്രികരും രാവിലെ ഏഴിനാണ് ഇന്നലെ യാത്ര പുനരാരംഭിച്ചത്. പതിവുപോലെ വെള്ള ടീഷർട്ടും പാന്റും ഷൂസും ധരിച്ചാണ് ദേശം പറമ്പയത്തെ തുടക്കസ്ഥലത്ത് രാഹുൽ ഗാന്ധി എത്തിയത്. പുലർച്ചെ മുതൽ ഇവിടേയ്ക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രവഹിച്ചുതുടങ്ങിയിരുന്നു. രാഹുൽ എത്തിയതോടെ ആവേശം അലയടിച്ചു. റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് യാത്ര ദേശീയപാതയിലൂടെ മുന്നേറിയത്.

നെടുമ്പാശേരിയും അത്താണിയും യാത്ര പിന്നിട്ടപ്പോഴേയ്ക്കും ചൂടിന്റെ കാഠിന്യം ശക്തമായി. പെരിവെയിൽ വകവയ്ക്കാതെ മുന്നേറിയ രാഹുലിനൊപ്പം മുതിർന്ന നേതാക്കളും സഹയാത്രികരും നൂറുകണക്കിന് പ്രവർത്തകരും ആവേശം വിടാതെ മുന്നേറി. അങ്കമാലിയിൽ ചെറിയൊരു വിശ്രമമെടുത്താണ് യാത്ര തുടർന്നത്. കറുകുറ്റിയിലെ അഡ്ലക്‌സ് കൺവെൻഷൻ സെന്ററിലാണ് യാത്ര സമാപിച്ചത്.

പ്രതീക്ഷിച്ചതിലും വിജയം

പ്രതീക്ഷിച്ചതിലും വലിയ അനുകൂല പ്രതികരണമാണ് യാത്രയ്ക്ക് കേരളത്തിൽ ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയമായി കോൺഗ്രസിന്റെ മറുചേരിയിൽ നിൽക്കുന്നവർ പോലും യാത്ര ഉന്നയിക്കുന്ന വിഷയങ്ങളിൽ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഉത്സാഹവും പ്രോത്സാഹനവും നൽകുന്നതാണ് ജനങ്ങളുടെ പിന്തുണ.

2024ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ മുഖമായി മാറാനല്ല യാത്രയെന്ന് അദ്ദേഹം പറഞ്ഞു. താൻ തനിച്ച് നടത്തുന്ന യാത്രയല്ല. സ്ഥിരം യാത്രികർക്ക് പുറമെ ദശലക്ഷങ്ങൾ യാത്രയിൽ അണിചേരുന്നുണ്ട്. അവരിൽ ഒരാൾ മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ വൻപട

അഡ്ലക്‌സിൽ വയലാർ രവി, ടി.എച്ച് മുസ്തഫ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കേരള കോൺഗ്രസ് ജേക്കബ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ദേശീയ സംസ്ഥാന നേതാക്കളുടെ വൻസംഘമാണ് അങ്കമാലിയിൽ എത്തിയത്. യാത്രയെ പിന്തുടരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്, പ്രചാരണ വിഭാഗം തലവൻ പവൻ ഖേദർ എന്നിവർക്കൊപ്പം വിവിധ സംസ്ഥാന നേതാക്കളും അങ്കമാലിയിൽ എത്തിയിരുന്നു.

കെ. സുധാകരൻ, വി.ഡി. സതീശൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ. വി.ടി. ബൽറാം, ഹൈബി ഈഡൻ എം.പി., ബെന്നി ബഹനാൻ എം.പി., തുടങ്ങി സംസ്ഥാന നേതാക്കളുടെ വൻനിരയാണ് യാത്രയിൽ അണിനിരന്നത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി.