rahul-gandhi

ആലുവ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അന്തിയുറങ്ങിയ ആലുവ യു.സി കോളേജിനും ശതാബ്ദി വർഷത്തിൽ ഓർമ്മകൾ സമ്മാനിച്ച് രാഹുൽ ഗാന്ധി. പുലർച്ചെ 6.15ഓടെ കോളേജ് മുറ്റത്തെ ഗാന്ധിമാവിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പര്യടന പരിപാടികൾക്ക് തുടക്കമിട്ടത്. പിന്നീട് വൃക്ഷത്തൈ നട്ടും സന്ദർശക ഡയറിയിൽ താമസ സൗകര്യം നൽകിയതിന് നന്ദി രേഖപ്പെടുത്തിയും മടങ്ങി.

കോളേജിൽ 1925ൽ മഹാത്മ ഗാന്ധി എത്തിയപ്പോൾ നട്ട കർപ്പൂരമാവ് ഇപ്പോഴും അധികൃതർ സംരക്ഷിക്കുന്നുണ്ടെന്ന വിവരം കെ.പി.സി.സി നേതാക്കളിൽ നിന്നാണ് രാഹുൽ അറിഞ്ഞത്. അതോടെ യാത്രാ പുനരാരംഭിക്കുന്നത് മാവിൽ പുഷ്പാർച്ചന നടത്തിയിട്ട് വേണമെന്ന് ബുധനാഴ്ച രാത്രി തന്നെ രാഹുൽ നിശ്ചയിച്ചു. രാവിലെ തന്നെ പ്രവർത്തകർ പൂമാലയുമായെത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം കോളേജ് പ്രിൻസിപ്പൽ എം.ഐ.പുന്നൂസുമായി സംസാരിച്ചപ്പോഴാണ് കോളേജിന്റെ ശതാബ്ദിയാഘോഷം നടക്കുകയാണെന്നറിഞ്ഞത്. നൂറാം വാർഷികത്തിന്റെ ഭാഗമായി 'നൂറുവർഷം - സ്മൃതി വർഷം' പദ്ധതി നടപ്പാക്കുന്ന വിവരവും അറിയിച്ചു. ഇതോടെ കോളേജിലെ കച്ചേരി മാളികയ്ക്ക് മുന്നിൽ ചന്ദനത്തൈയും രാഹുൽ നട്ടു. തുടർന്ന് സന്ദർശക ഡയറിയിൽ നന്ദി രേഖപ്പെടുത്തി.

ഇതിനിടെ ലക്ഷദ്വീപിൽ നിന്നുള്ള പ്രവർത്തകർ കൊണ്ടുവന്ന തെങ്ങിൻ തൈ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും രാഹുൽ ഗാന്ധിയും ചേർന്ന് കോളേജിൽ നടുകയും ചെയ്തു. ലക്ഷദ്വീപിൽ നിന്നുള്ള പ്രവർത്തകർ യാത്രയുടെ ഭാഗമായി രാഹുൽ തങ്ങുന്ന എല്ലാ സ്ഥലത്തും തെങ്ങിൻ തൈകൾ നടന്നുണ്ട്.

പ്രിൻസിപ്പൽ ഡോ. എം.ഐ.പുന്നൂസ്, മാനേജർ ഫാ.തോമസ് ജോൺ, പ്രൊഫ. ഗോവിന്ദൻകുട്ടി മേനോൻ, ക്യാപ്ടൻ കെ.എസ്.നാരായണൻ എന്നിവരും ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.