
വൈപ്പിൻ: കടലിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി ജിയൻ സേവ്യറിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വീട്ടിലെത്തി കൈമാറി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ജിയന്റെ ഭാര്യ മരിയ ജാൻസി സഹായം കൈപ്പറ്റി.
എളങ്കുന്നപ്പുഴ മനക്കൽ ആന്റണിയുടെ മകനായ ജിയൻ 16നാണ് അപകടത്തിൽപ്പെട്ടത്. ചെല്ലാനം പടിഞ്ഞാറ് കടലിൽ വലിയ വള്ളത്തിലെ മത്സ്യം മൂടിവെട്ടി ചെറു വഞ്ചിയിലേക്ക് മാറ്റുന്നതിനിടെ ഇരുവള്ളങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാൽപ്പത്തിയാറുകാരനായ ജിയൻ വള്ളങ്ങൾക്കിടയിൽ പെട്ടുപോകുകയായിരുന്നു. ജിയന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് ഉൾപ്പെടെ സഹായങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി.സന്ദീപ്, റീജിയണൽ എക്‌സിക്യുട്ടീവ് രാജീവ്, ഫിഷറീസ് ഓഫീസർ രോഷ്‌ന, കെ.എസ്.രാധാകൃഷ്ണൻ, എം. എ.പ്രസാദ്, സുനിൽ ഹരീന്ദ്രൻ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.