പറവൂർ: പറവൂർ സഹകരണ ബാങ്കിൽ 2.28 കോടി രൂപയുടെ ക്രമക്കേട് എന്ന നിലയിൽ പുറത്തുവന്ന സ്പെഷ്യൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020 -21 സാമ്പത്തിക വർഷത്തെ ഓഡിറ്റിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഓഡിറ്റ് മാനുവലിന് വിരുദ്ധമായി തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിനെതിരെ പൊതുയോഗ തീരുമാനപ്രകാരം ഭരണസമിതി സഹകരണ വകുപ്പിനും ഓഡിറ്റ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ടിന്റെ തിരുത്തൽ നടപടികൾ നടക്കുന്ന സാഹചര്യത്തിൽ അതിലെ പരാമർശങ്ങൾ തന്നെ സ്പെഷ്യൽ റിപ്പോർട്ട് എന്ന പേരിൽ തയാറാക്കിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് സംശയിക്കുന്നതായി ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
സ്പെഷ്യൽ റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ ഭരണസമിതിയെ അറിയിച്ചിരുന്നില്ല. ക്രമക്കേടായി പരാമർശിച്ച 2.28 കോടി രൂപയിൽ 1.50 കോടിയോളം പറവൂർ സഹകരണ ബാങ്കിന് പുറമേ ഏലൂർ, ചേന്ദമംഗലം, വള്ളുവള്ളി സഹകരണ ബാങ്കുകൾക്ക് അവശ്യസാധനങ്ങളുടെ കൊവിഡ് കിറ്റ് നൽകിയതിന് ചെലവഴിച്ചതാണ്. നിയമാനുസൃത ജി.എസ്.ടി ബില്ലുകൾ മുഖാന്തിരമാണ് സാധനങ്ങൾ വാങ്ങി വിതരണം ചെയ്തതാണ്. സൂപ്പർമാർക്കറ്റ് പുനർനിർമാണത്തിന്റെ പേരിൽ കാണിച്ച 2,41,300 രൂപ പ്രവൃത്തി പൂർത്തീകരിച്ച് ആറ് മാസത്തിനുശേഷം കരാറുകാരന് നിയമാനുസൃതം നൽകിയ റീ-ടെൻഷൻ തുകയാണ്. നവീകരണ പ്രവർത്തനങ്ങൾ അഡീഷനൽ എസ്റ്റിമേറ്റായി ചെലവഴിച്ച തുകകളും സ്പെഷ്യൽ റിപ്പോർട്ടിൽ ദുരുദ്യേശത്തോടെ ക്രമക്കേടായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
കൺകറന്റ് ഓഡിറ്ററായി പ്രവർത്തിച്ച ഉദ്യോഗസ്ഥയ്ക്ക് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽ അപ്പോൾ തന്നെ ചൂണ്ടിക്കാണിക്കാൻ ബാദ്ധ്യതയുണ്ട്. ഓഡിറ്റ് അന്തിമമാകുന്ന ഘട്ടത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പരാമർശിച്ച റിപ്പോർട്ടിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, എം.എ. വിദ്യാസാഗർ ഇ.പി. ശശിധരൻ, എം.പി. ഏയ്ഞ്ചൽസ്, കെ.ബി. ചന്ദ്രബോസ്, ജെ. വിജയകുമാർ, ജ്യോതി ദിനേശൻ എന്നിവർ വാർത്താസമ്മേളനത്തിൽപറഞ്ഞു.