
ധനസഹായമായി നൽകിയത്
48.60 കോടി രൂപ
തൃക്കാക്കര: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെ എണ്ണം 735. വന്യജീവി ആക്രമണത്തിലെ ഇരകൾക്കും കുടുംബങ്ങൾക്കുമായി 2016 ആഗസ്റ്റ് മുതൽ 2021 ജൂലായ് വരെ 48,60,16,528 രൂപ സർക്കാർ വിതരണം ചെയ്തതായും വനം വകുപ്പിൽ നിന്ന് പൊതു പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളും ധനസഹായം ലഭിച്ചവരിൽപ്പെടുന്നുണ്ട്.
വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി നൽകുന്നത്. വനത്തിന് പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകും. 2021-22 കാലയളവിലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരത്തുക (12.53 കോടി രൂപ) വിതരണം ചെയ്തത്. 2020-21ൽ 8.41 കോടി രൂപ, 2019-20ൽ 9.12 കോടി രൂപ, 2018-19 ൽ 8.65 കോടി രൂപ, 2017-18 ൽ 8.62 കോടി രൂപ, 2016-17 ൽ 1.25 കോടി രൂപ എന്നിങ്ങനെ ധനസഹായമായി നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.