കൊച്ചി: മരിക്കാത്ത ഓർമ്മകളുമായി മലയാള സിനിമാ ആസ്വാദകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് കലാഭവൻ മണി. മണിയെ ഏറെയിഷ്ടപ്പെടുന്ന, മണിപ്പാട്ടുകളിലൂടെ ജീവിക്കുന്ന ഒരാളുണ്ട്,​ മൂവാറ്റുപുഴ ആട്ടായം സ്വദേശി അഭിലാഷ്.

കലാഭവൻ മണിയുടെ ശബ്ദാനുകരണത്തിലൂടെയും പാട്ടുകളിലൂടെയും മിനിസ്‌ക്രീനിൽ തരംഗമായി മാറിയ അഭിലാഷ് ഇതിനോടകം പതിനഞ്ചിലേറെ സിനിമകളിലാണ് വേഷമിട്ടത്. കോളനി എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിക്കുകയാണിപ്പോൾ. നാൽപ്പതുകാരനായ അഭിലാഷ് പതിനഞ്ചുവർഷം മുമ്പാണ് കലാരംഗത്ത് സജീവമായത്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിനായി പാടിയ മണിയുടെ പാട്ടുകളിലൂടെ അഭിലാഷ് താരമായി. പിന്നീട് നിരവധി സ്റ്റേജുകളിൽ അനുകരണവും പാട്ടുകളുമായി വൈഭവം പ്രകടിപ്പിച്ചു. തുടർന്ന്

മിനിസ്‌ക്രീനിലെ കലാപരിപാടികളിലും റിയാലിറ്റി ഷോകളിലും സ്ഥിരസാന്നിദ്ധ്യമായി. അതായിരുന്നു സിനിമയിലേക്കുള്ള ചവിട്ടുപടി. ചാലക്കുടിക്കാൻ ചങ്ങാതി, അസുരയുഗം, ജാലിയൻ വാലാബാഗ്, കൃഷ്ണപക്ഷക്കിളികൾ, കല്യാണരാമൻ, പ്രണയമണിത്തൂവൽ, വെടിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട അഭിലാഷ് നായകനാകുന്ന മനാഫ് ആദിനാടിന്റെ കോളനി എന്ന ചിത്രവും ഉടൻ തിയേറ്ററുകളിലെത്തും. സ്വതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ വില്ലൻ കഥാപാത്രമാണ് അഭിലാഷ്.

മണിപ്പാട്ടുകൾ രോഗാതുരർക്കായി
രോഗബാധിതർക്കായി പാട്ടുകൾ പാടി സേവന പ്രവർത്തനങ്ങളിൽ സജീവമാണ് അഭിലാഷ്. എവിടെ നിന്ന് വിളിച്ചാലും അവിടെയെത്തി തുച്ഛമായ പ്രതിഫലത്തിൽ മണിക്കൂറുകളോളം പാടാറുണ്ട്. ചിലപ്പോൾ വ്യാജന്മാരുടെ കെണിയിലും പെട്ടിട്ടുണ്ട്. എന്നാലും പാട്ടിന്റെ പതിവിന് മുടക്കമില്ല.

തുടക്കം പ്രമുഖർക്കൊപ്പം
രമേഷ് പിഷാരടി, സാജു നവോദയ (പാഷാണം ഷാജി) എന്നിവർക്കൊപ്പം മനോജ് ഗിന്നസിന്റെ ഓഡിയോ കാസറ്റിലൂടെയാണ് അനുകരണ രംഗത്തേക്ക് എത്തിയത്. സുമേഷ് ഗുഡ്‌ലക്ക് എന്ന മിമിക്രി കലാകാരന്റെ പിന്തുണയും അഭിലാഷിലെ അനുകരണ കലാകാരനെ പരിപോഷിപ്പിച്ചു. അറിയപ്പെടുന്ന നടനാകണം എന്നാണ് ആഗ്രഹമെന്നും അതിനായി ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും അഭിലാഷ് പറയുന്നു.