കൊച്ചി: ഇതിഹാസ സംവിധായകൻ സത്യജിത് റായിയുടെ ജന്മശതാബ്ദിവർഷത്തിൽ കേരള ലളിതകലാ അക്കാഡമിയും കൊൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയും (കെ.സി.സി) സംഘടിപ്പിക്കുന്ന ദി സത്യജിത് റായ് ശതാബ്ദി മഹോത്സവം ഡർബാർ ഹാളിൽ നാളെ ആരംഭിക്കും. വൈകിട്ട് 5ന് മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ മുരളി ചീരോത്തും സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷാജി എൻ. കരുൺ മുഖ്യപ്രഭാഷണം നടത്തും. കലാകാരനായ സുരേന്ദ്രൻ നായരെ ചടങ്ങിൽ ആദരിക്കും. കെ.സി.സി വിഷ്വൽ ആർട്‌സ് ഹെഡ് സിദ്ധാർത്ഥ് ശിവകുമാർ ആമുഖപ്രഭാഷണം നടത്തും. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ്, മിനി എസ്. മേനോൻ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ബംഗാളി പരിഭാഷകൻ സുനിൽ ഞാളിയത്ത് എന്നിവർ സംസാരിക്കും.
27ന് വൈകിട്ട് 5ന് പിനാകി ഡേയുടെ അവതരണം, 28ന് വൈകിട്ട് 5ന് ധൃതിമാൻ ചാറ്റർജി, ടിന്നു ആനന്ദ് എന്നിവർ ഓൺലൈനായി പങ്കെടുക്കുന്ന സംഭാഷണം എന്നിവയും നടക്കും. ഒക്ടോബർ 2, 12, 16 തിയതികളിൽ വൈകിട്ട് 5.30ന് റായിയുടെ മൂന്നു ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ 6ന് വൈകിട്ട് 5ന് സിനിമാ നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ റായി രചിച്ച ജലകണം എന്ന പുസ്തകം പ്രകാശനം ചെയ്യും. 23ന് വൈകിട്ട് 5ന് സാമിക് ബന്ദോപാധ്യായ മോഡറേറ്ററായി ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ്, ഷാജി എൻ. കരുൺ എന്നിവർ പങ്കെടുക്കുന്ന ചർച്ചയും ഉണ്ടായിരിക്കും.