
ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജലസ്രേതസായ ഓഞ്ഞിത്തോടിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ ഒരു വർഷം പിന്നിട്ടിട്ടും ഇഴയുന്നു. 2021ജൂലൈ 29ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം സർവ്വേ നടത്തി റിപ്പോർട്ട് കൈമാറിയെങ്കിലും തുടർ നടപടികളൊന്നുമായില്ല.
കടുങ്ങല്ലർ ഗ്രാമപഞ്ചായത്തിൽ 31 കൈയേറ്റങ്ങളും ആലങ്ങാട് 33 എണ്ണവുമാണ് കണ്ടെത്തിയത്. ഇവർക്കെല്ലാം പ്രിമിലനറി നോട്ടീസും കഴിഞ്ഞ ജൂൺ നാലിന് മുമ്പായി സ്ഥിരപ്പെടുത്തൽ നോട്ടീസും നൽകിയിരുന്നു. കടുങ്ങല്ലൂരിൽ 12 പേർ ആക്ഷേപം നൽകിയെങ്കിലും വസ്തുതാപരമല്ലെന്ന് കണ്ടെത്തി തള്ളി. ആലങ്ങാട് നോട്ടീസ് ലഭിച്ചവരിൽ മൂന്ന് പേർ തിരുവനന്തപുരത്ത് എൽ.എസ്.ജി.ഡി ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയതിനാൽ ആകെയുള്ള 64 കൈയേറ്റക്കാരിൽ 61 പേരുടെ കൈയേറ്റവും ഒഴിപ്പിക്കാമായിരുന്നിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇരുപഞ്ചായത്തുകളും സർവ്വേ കല്ലിടൽ നടപടികളും പൂർത്തീകരിച്ചിട്ടില്ല. കടുങ്ങല്ലൂരിൽ 260 സ്ഥലത്ത് കല്ലിടാനുള്ളതിൽ 215 ഇടത്താണ് സ്ഥാപിച്ചത്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലാണെങ്കിൽ 110 സ്ഥലത്ത് കല്ലിടേണ്ടതിന് 60 സ്ഥലത്താണ് പൂർത്തിയായത്. ഇക്കാര്യത്തിലും ഉദ്യോഗസ്ഥർ തികഞ്ഞ അലംഭാവം കാട്ടുകയാണ്. കടുങ്ങല്ലൂരിലെ ഏലൂക്കരയിൽ നിന്നാരംഭിച്ച് ആലങ്ങാടിലെ മേത്താനത്താണ് ഓഞ്ഞിത്തോട് അവസാനിക്കുന്നത്. കടുങ്ങല്ലൂർ പരിധിയിൽ അഞ്ച് കിലോമീറ്ററും ആലങ്ങാട് രണ്ടര കിലോമീറ്ററുമാണുള്ളത്.
ഓഞ്ഞിത്തോട് ജനകീയ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവ് ഇടപെട്ടാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടത്.
29ന് അളക്കും
പെരിയാറിൽ നിന്ന് ഓഞ്ഞിത്തോടിലേക്ക് വെള്ളം കയറുന്ന വരട്ടുപുഴ ഭാഗത്ത് 1998ൽ പഞ്ചായത്ത് പണം നൽകി വാങ്ങിയ 31.360 സെന്റ് സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 29ന് സ്ഥലം അളക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തിരിച്ച് പിടിക്കുന്ന ഭൂമി പുഴയുടെ ഭാഗമാക്കിയാൽ പെരിയാറിൽ നിന്ന് ഓഞ്ഞിത്തോടിലേക്കുള്ള നീരൊഴുക്ക് സുഗമമാകും.
ഏകോപന സമിതി
രൂപീകരിക്കണം
കൈയേറ്റം ഒഴിപ്പിക്കൻ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ ഇരുപഞ്ചായത്തുകളും അടിയന്തരമായി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഏകോപന സമിതി രൂപീകരിക്കണമെന്ന് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി കൺവീനർ കെ.എസ്. പ്രകാശൻ ആവശ്യപ്പെട്ടു. കൈയേറ്റക്കാരുടെ പട്ടിക പ്രകാരം നോട്ടീസ് നൽകി ഒഴിപ്പിക്കൽ നടപടി പൂർത്തീകരിക്കണം. അതിർത്തികളിൽ നിൽക്കുന്ന ജംഗമ വസ്തുക്കൾ പഞ്ചായത്തിന്റെ അധീനതയിൽ ആണെന്നുള്ള അറിയിപ്പ് നൽകണം.