k

കുറുപ്പംപടി : സംസ്ഥാന വ്യാപകമായി നടന്ന ഹർത്താൽ കുറുപ്പംപടിയിൽ ഭാഗികമായി. പകുതിയിലേറെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. സമരക്കാർ ആരും തന്നെ കുറുപ്പംപടിയിൽ കടയടിപ്പിക്കുന്നതിന് മറ്റും എത്തിച്ചേരാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഹർത്താൽ രഹിത കുറുപ്പംപടി എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി കുറുപ്പംപടി മർച്ചന്റ് അസോസിയേഷൻ ഒരു വിഭാഗം ആളുകൾ കടകൾ തുറന്നു പ്രവർത്തിക്കണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിർദ്ദേശം നൽകിയിരുന്നു.

ഉച്ചയ്ക്ക് ശേഷം കൂടുതൽ കടകൾ കൂടി തുറന്നു പ്രവർത്തിച്ചു. ഹോട്ടലുകൾ, പഴക്കടകൾ, പച്ചക്കറികടകൾ, സൂപ്പർമാർക്കറ്റുകൾ, തുണിക്കടകൾ, പൂക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചവയിൽ ഉൾപ്പെടുന്നു . കുറുപ്പംപടി ബസ് സ്റ്റാൻഡിലെയും ഓട്ടോ സ്റ്റാൻഡുകളിൽ മിക്കവാറും ഓട്ടോകളും നിരത്തിലിറങ്ങി. ബസുകളുടെ ദൗർലഭ്യം മൂലം ഓട്ടോകൾക്ക് സാധാരണയിലും കൂടുതൽ ഓട്ടം ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ കടകളും തുറന്നു പ്രവർത്തിച്ചത്. പൊലീസ് വ്യാപാരികൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കിയിരുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും പെട്രോളിംഗ് ശക്തമാക്കി ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സുരക്ഷിതമായി പോകുന്നതിനു വേണ്ട എല്ലാവിധ സംരക്ഷണവുംപൊലീസ് നൽകിയിരുന്നു. രായമംഗലം പഞ്ചായത്തിലെ തൊട്ടടുത്ത ടൗണായ പുല്ലുവഴിയിൽ ഒരു ഹർത്താലും ബാധകമല്ല.