ksrtc-garage

ആലുവ: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ.ഐ.എ പരിശോധന നടത്തി നേതാക്കന്മാരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന ഹർത്താൽ ആലുവ മേഖലയിൽ ഭാഗികമായിരുന്നു. കടകമ്പളോങ്ങൾ പൂർണമായി അടഞ്ഞുകിടന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.

സ്വകാര്യ ബസുകളും ടാക്സി, ഓട്ടോകളും ഉച്ചവരെ നിരത്തിൽ നിന്നും വിട്ടുനിന്നു. എന്നാൽ രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിച്ചെങ്കിലും പലയിടത്തും കല്ലേറുണ്ടായതിനെ തുടർന്ന് നിർത്തിവെച്ചു. മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞ് തകർത്തു. പുലർച്ചെ 5.45ഓടെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കൽ പകലോമറ്റത്ത് വച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ രണ്ട് സംഘം കെ.എസ്.ആർ.ടി ബസുകളുടെ ചില്ല് തകർത്തത്. ബസിൽ യാത്രക്കാർ നാമമാത്രമായതിനാൽ ആർക്കും പരിക്കില്ല.

ആറരയോടെയാണ് ദേശീയപാതയിൽ ഗ്യാരേജിന് സമീപം അക്രമണം നടന്നത്. ആലുവയിൽ നിന്ന് ചേർത്തലയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻവശത്തെ ചില്ലാണ് അക്രമികൾ കല്ലെറിഞ്ഞ് തകർത്തത്. പുളിഞ്ചോട് മേൽപ്പാലം തുടങ്ങുന്ന ഭാഗത്തും നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരുമാല്ലൂരിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണമുണ്ടായി. പറവൂരിൽ നിന്ന് ആലുവയിലേക്ക് വന്ന ബസിന്റെ മുൻവശത്തെ ചില്ലാണ് കല്ലെറിഞ്ഞ് തകർത്തത്. ആർക്കും പരിക്കില്ല.

ആലുവയിൽ പോപ്പുലർ

ഫ്രണ്ട് പ്രകടനം

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താൽ അനുകൂലികൾ ആലുവയിൽ പ്രകടനം നടത്തി. മാർക്കറ്റ് പരിസരത്തു നിന്നും തോട്ടുമുഖത്തുനിന്നും ആരംഭിച്ച പ്രകടനങ്ങൾ സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷന് സമീപം സമാപിച്ചു. നിരവധി പേർ പങ്കെടുത്തു.

50 ഓളം പേർക്കെതിരെ കേസ്

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 50 ഓളം പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ പൊലീസ് കേസെടുത്തതായി ആലുവ സി.ഐ എൽ അനിൽകുമാർ പറഞ്ഞു.