മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഓൾ കേരള റേഷൻ റീറ്റൈൽ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ 26ന് ഉച്ചയ്ക്ക് 12.30ന് താലൂക്കിലെ റേഷൻ വ്യാപാരികൾ സൂചന ധർണ സമരം നടത്തും.

മൂവാറ്റുപുഴയിൽ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ നിർവഹിക്കും. താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ, സെക്രട്ടറി പി.എസ്. മജീദ്, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ഗിരിജൻ തുടങ്ങിയവർ പ്രസംഗിക്കും. 5 വർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് പുതുക്കി നൽകുക, ഓഗസ്റ്റ് മാസത്തെ കമ്മിഷൻ തുക നൽകുക, ഓണത്തിന് പ്രഖ്യാപിച്ച ബോണസ് 1000രൂപ വിതരണം ചെയ്യുക, മണ്ണെണ്ണ ഡെലിവറിയായി കടകളിൽ എത്തിക്കുക, പഞ്ചസാര, മണ്ണെണ്ണ എന്നിവയ്ക്ക് ആനുപാതികമായി കമ്മിഷൻ വർദ്ധിപ്പിക്കുക, സെയിൽസ് മാൻമാർക്ക് വേതനം നൽകുക, റേഷൻ കടക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.