ksrtc

 തകർത്തവരിൽ നിന്ന് തുക ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ ഇന്നലെ 70 ബസുകൾ തകർത്തെന്നും 42 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. ബസുകൾ തകർത്തവരിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ഈ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കാൻ സമയമെടുക്കുമെന്നതിനാൽ ഒട്ടേറെ ഷെഡ്യൂളുകൾ മുടങ്ങില്ലേയെന്നും ആ നിലയ്ക്ക് നഷ്ടം കോടികളാവില്ലേയെന്നും കോടതി ചോദിച്ചു.

കെ.എസ്.ആർ.ടി.സിയിൽ സിംഗിൾഡ്യൂട്ടി ഏർപ്പെടുത്തുന്നതിനെതിരെ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഈ വിഷയം പരാമർശിക്കപ്പെട്ടത്. ശരിയായി ചിന്തിക്കുന്നവരാരും ശമ്പളം നൽകാൻ പോലുമാവാത്ത അവസ്ഥയിലുള്ള കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിയില്ല. ചിന്തയില്ലാത്തവരാണ് കല്ലെറിയുന്നതെന്ന് കരുതുന്നില്ല. ചിന്തിച്ചുറപ്പിച്ചാണ് ഇവർ എറിയുന്നത്. ജനങ്ങളെ പേടിപ്പിക്കാനാണിത്. ബസുകൾ തകർത്തവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? കെ.എസ്.ആർ.ടി.സിയെ തൊട്ടാൽ പൊള്ളുമെന്ന് വന്നാലേ ഈ സ്ഥിതി മാറൂവെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.