കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി - കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന തരിശ് രഹിത പഞ്ചായത്ത്‌ പദ്ധതിയിൽ പഞ്ചായത്തിലെ 13,14 വാർഡുകളിലായി തരിശായി കിടന്ന കോണിക്കമാലി, എച്ചിലക്കോട് പാടശേഖരങ്ങളിലെ 35 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു.

പാടശേഖരത്തിൽ നടന്ന വിത്ത് വിതയ്ക്കൽ ചടങ്ങ് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജോയ് പുണേലിൽ സ്വാഗതവും ടിൻസി ബാബു നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ ഷൈമി വർഗീസ്,

ശാരദ മോഹൻ, ബ്ലോക്ക്‌ മെമ്പർ അംബിക മുരളീധരൻ, 11-ാം വാർഡ് അംഗം മിനി നാരായണൻ കുട്ടി , കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആർ.എം. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് കെ.എൻ. റഷീദ് പദ്ധതി വിശദീകരിച്ചു.