കൊച്ചി: വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ട്രേഡ് എക്‌സ്‌പോയ്ക്ക് തിരക്കേറുന്നു. സെന്റ് തെരേസാസ് കോളേജിലെ 12 അംഗ സംഘം നിർമ്മിച്ച പഴന്തുണി കൊണ്ടുള്ള കളിപ്പാട്ടങ്ങളും ലാപ്‌ടോപ്പ് ബാഗുകളും തുടങ്ങി ഇലക്ട്രിക് വാഹനങ്ങളുടെ ഏ​റ്റവും പുതിയ മോഡലുകൾ വരെ ഇവിടെയുണ്ട്.

അങ്കണവാടി കളിപ്പാട്ടങ്ങൾ, ഐ.ടി സേവനങ്ങൾ, പ്രകൃതിദത്ത ഉത്പന്നങ്ങൾ, ടൂറിസം ബിസിനസ് സഹായങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. യന്ത്രസാമഗ്രികൾ, ഫർണിച്ചർ, യാത്ര, വിനോദസഞ്ചാരം, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണം, നിർമ്മാണം, സൗന്ദര്യവർദ്ധന, ആരോഗ്യപരിചരണം, വിവര സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി മുന്നോറോളം സ്​റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

സർവകലാശാലകളും കോളേജുകളും സ്‌കൂളുകളും മ​റ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കൺസൾട്ടൻസികളും സെന്ററുകളും എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകാനും സംശയ നിവാരണത്തിനുമുള്ള സൗകര്യവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലുണ്ട്.

നാവിൽ രുചിയൂറുന്ന നാടൻ മലബാർ വിഭവങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരും എത്തിയിട്ടുണ്ട്. നസുന്ദരി കോഴിയാണ് ഇവയിൽ ഹിറ്റ്. ഏറെ വ്യത്യസ്തവും നാടനുമായ വിഭവമാണ് വനസുന്ദരി കോഴി. വയനാടൻ പ്രദേശങ്ങളിൽ മാത്രം വിളവെടുക്കുന്ന മസാല കൂട്ടുകളുടൊപ്പം മല്ലിയിലും ചേർത്ത് പച്ച നിറത്തിൽ തയാറാക്കുന്ന വിഭവമാണിത്. അയമോദകം, കുരുമുളക്, കരിഞ്ജീരകം,തുടങ്ങി 12 തരത്തിലുള്ള നാടൻ മസാലകളാൽ തീർത്ത വിഭവമാണ് കരിഞ്ജീരക കോഴി.

അറേബ്യൻ സ്‌പെഷ്യൽ വിഭവം കാബൂളി റൈസും പ്രധാന വിഭവങ്ങളിലൊന്നാണ്. കാടകൊണ്ടുള്ള സ്‌പെഷ്യൽ ഐ​റ്റമാണ് കുഞ്ഞിതലയണ. ഒരു മുഴുവൻ കാട, കാട മസാല, കാട മുട്ട, എന്നിവ ചപ്പാത്തിയോടൊപ്പം കൂടെ റോൾ ചെയ്ത പ്രത്യേക ഐ​റ്റമാണിത്. മേളയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മെഗാ ജോബ് ഫെയർനടക്കും. അമ്പതോളം കമ്പനികൾ ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂവിനെത്തും. ഉദ്യോഗാർത്ഥികൾക്കായി സ്‌പോട്ട് രജിസ്‌ട്രേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. 26 ന് സമാപിക്കും.