
കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. എറണാകുളം ഉൾപ്പെടെ ജില്ലയിലെ വിവിധ നഗര പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. എറണാകുളം മാർക്കറ്റിലെയും നഗരത്തിലെയും കടകമ്പോളങ്ങൾ തുറന്നില്ല. രാവിലെ ചില കടകൾ തുറന്നെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയതിനു പിന്നാലെ അവയെല്ലാം അടച്ചു. ആലുവ, പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലടക്കം വിവിധയിടങ്ങളിൽ ഹർത്താലനുകൂലികൾ പ്രകടനം നടത്തി. അതേസമയം, ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബസുകൾ സർവീസ് നടത്തി. നിരവധി സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ മുൻനിർത്തി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. മെട്രോ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, നഗര കേന്ദ്രങ്ങൾ, കവലകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് സുരക്ഷയൊരുക്കി.
കെ.എസ്.ആർ.ടി.സി സർവീസ്
എറണാകുളം ഡിപ്പോയിൽ നിന്ന് സാധാരണ നടത്താറുള്ള 60ലേറെ സർവീസുകളിൽ 32 എണ്ണവും ഇന്നലെ ഉണ്ടായിരുന്നു. മൂന്ന് ഓർഡിനറി ബസുകളും 16 ഫാസ്റ്റും ഒൻപത് സൂപ്പർ ഫാസ്റ്റും രണ്ട് ഡീലക്‌സും അഞ്ച് സ്വിഫ്റ്റ് ബസുകളുമാണ് സർവീസ് നടത്തിയത്. ഇതിനു സമാനമായി മറ്റ് ഡിപ്പോകളിലും സർവീസ് നടന്നു.
ഓട്ടോകളും ടാക്‌സികളും വളരെ കുറച്ച് മാത്രമാണ് നിരത്തിലിറങ്ങിയത്. വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ 16പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകളിലേറെയും പാഴ്‌സൽ സർവീസാണ് ഒരുക്കിയത്. ഹോം ഡെലിവറിയും ഏർപ്പെടുത്തിയിരുന്നു.
മെട്രോയിൽ തിരക്ക്
ഹർത്താൽ ദിനത്തിൽ കൊച്ചി മെട്രോയിൽ തിരക്ക് അനുഭവപ്പെട്ടു.ജോലിക്ക് പോകേണ്ടവരും പരീക്ഷകൾക്ക് പോകേണ്ടവരും ഉൾപ്പെട നിരവധി പേരാണ് മെട്രോ യാത്ര പ്രയോജനപ്പെടുത്തിയത്.