
കൊച്ചി: വളർത്തുനായ്ക്കൾക്ക് ലൈസൻസെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായംതേടി. തിരുവനന്തപുരത്ത് അടിമലത്തുറയിൽ ബ്രൂണോ എന്ന നായയെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യങ്ങൾ ചർച്ചാവിഷയമായത്.
നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി കുടുംബശ്രീ നടത്തുന്ന എ.ബി.സി സെന്ററുകളുടെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ച കോടതി സംസ്ഥാനത്ത് നായ്ക്കളിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ റാബീസ് സ്ഥിരീകരിക്കുന്ന നിരക്ക് കൂടുതലാണെന്ന വാർത്തകളുടെ നിജസ്ഥിതിയും ആരാഞ്ഞിട്ടുണ്ട്.