വൈപ്പിൻ:വൈപ്പിൻ ഫോർട്ട് കൊച്ചി ഫെറിയിൽ 10 ദിവസത്തെ ഇടവേളകൾക്ക് ശേഷം സേതുസാഗർ 1 ഇന്ന് മുതൽ സർവീസ് നടത്തും. രണ്ട് റോറോയും രാവിലെ മുതൽ സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അറ്റുകുറ്റ പണിക്കായിസേതുസാഗർ കയറ്റിയതിനെ തുടർന്ന് 2000 വാഹനങ്ങളും 400000 ജനങ്ങളും യാത്ര ചെയ്യുന്ന ഫെറിയിൽ ഒരു റോറോ മാത്രമായതിനാൽ കുറെ ദിവസങ്ങളായി യാത്ര ദുഷ്‌ക്കരമായിരുന്നു.
കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഫെറി സർവീസ് നടത്തിപ്പിനായി സ്വതന്ത്ര ചുമതലയുള്ള കമ്പനി രൂപീകരിക്കണമെന്ന് വൈപ്പിൻ ഫോർട്ട് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് മൂന്നാമതൊരു റോറോ ജങ്കാർ കൂടി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.