harthal

കിഴക്കമ്പലം: ഹർത്താലിനെ വരവേൽക്കാൻ പെരിങ്ങാല തുടങ്ങിയിട്ട് നാല് പതി​റ്റാണ്ട് കഴിഞ്ഞു. കട അടക്കാനല്ല, തുറക്കാനാണെന്ന് മാത്രം. ഹർത്താലിനെ പടികടത്തിയ പെരിങ്ങാല ഇന്നലത്തെ ഹർത്താലിലും സജീവമായിരുന്നു. ഒരു കടപോലും അടച്ചില്ല. അടപ്പിക്കാനായി ആരും എത്തിയതുമില്ല.

സമീപ പ്രദേശങ്ങളിൽ എല്ലാം ഹർത്താൽ അനുകൂല പ്രതിഷേധപ്രകടനങ്ങൾ വീഥികൾ അടക്കിവാഴുമ്പോൾ പെരിങ്ങാലയിലെ കച്ചവടക്കാർ വില്പനയുടെ തിരക്കിലായിരുന്നു. പെരിങ്ങാലയ്ക്ക് സമാനമായി സമീപത്തെ അമ്പലംപടിയിലും പള്ളിക്കരയിലും കടകൾ തുറന്നു. കഴിഞ്ഞ 5 വർഷമായി എല്ലാ ഹർത്താൽ പണിമുടക്ക് ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുന്ന പതിവ് പള്ളിക്കരയിലെ വ്യാപാരികളും മാറ്റിയില്ല. ഹർത്താൽ അക്രമങ്ങളിൽ നിന്ന് സംരക്ഷണം തേടി നേരത്തെയുള്ള ഹൈക്കോടതി ഉത്തരവുമായി മുഴുവൻ കടകളും തുറന്നിരുന്നു.
ബ്രഹ്മപുരം മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാദേശിക ഹർത്തിലാണ് അവസാനമായി പെരിങ്ങാലക്കാർ പത്ത് വർഷം മുമ്പ് പങ്കെടുത്തത്. അതിന് മുമ്പും പിമ്പും ഒരിക്കൽ പോലും ഇവർ കടകൾ അടച്ചിട്ടില്ല. പതിനഞ്ച് വർഷം മുമ്പ് പെട്ടെന്നുണ്ടായ ഒരു ഹർത്താലിൽ കടകൾ അടപ്പിക്കാൻ എൽ.ഡി.എഫിലെ ചിലർ ശ്രമം നടത്തിയെങ്കിലും കൂട്ടായ ഇടപെടലിൽ തിരിച്ചു പോവുകയായിരുന്നു. ഹർത്താൽ അനുകൂലികൾ ഇതുവരെ കടകൾ കയറി കാമ്പയിനുകൾ പോലും നടത്തിയ ഓർമ്മയില്ലെന്നാണ് പെരിങ്ങാല സ്വദേശിയായ സക്കറിയ പറയുന്നത്. ഹർത്താൽ ദിവസം പെരിങ്ങാലയിലെ ഹോട്ടലുകളിൽ ഭക്ഷണപ്രിയർക്കായി അത്യാകർഷ ഓഫറുകളും നൽകാറുണ്ട്. ഓൺലൈൻ ഡെലിവറിക്കായി പ്രത്യേക കരുതലും അന്നുണ്ടാകും. തൊട്ടടുത്തുള്ള ഇൻഫോപാർക്കിലെ ടെക്കികളടക്കം കാക്കനാട് നിന്നും നിരവധിപേർ ഇവിടെയെത്താറുമുണ്ട്. ഇക്കുറിയും പതിവ് തെ​റ്റിയില്ല.