
കൊച്ചി: ഹർത്താലിൽ ജില്ലയിലും വ്യാപക ആക്രമവും കല്ലേറും. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 16ഓളം സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി നഗരത്തിലും ആലുവ, പെരുമ്പാവൂർ, പറവൂർ തുടങ്ങിയ പ്രദേശങ്ങളിലുമാണ് സമരാനുകൂലികൾ അക്രമം അഴിച്ചുവിട്ടത്. ഇവിടങ്ങളിൽ കെ.എസ്ആർ.ടി.സി ബസുകൾക്കുനേരെയും കടകൾക്കും കല്ലേറുണ്ടായി.
ഹൈക്കോടതിയ്ക്കുസമീപം കടകൾ ആക്രമിച്ചതും തടയാനെത്തിയ പൊലീസുകാരെ സമരാനുകൂലികൾ കൈയേറ്റം ചെയ്തത് സംഘർഷത്തിന് വഴിവച്ചു. ആലുവ ദേശത്ത് മുഖംമൂടി സംഘം ഹോട്ടൽ അടിച്ചുതകർത്തു. പെരുമ്പാവൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ലുകൾ ബൈക്കിലെത്തിയ സമരാനുകൂലികൾ കല്ലെറിഞ്ഞു തകർത്തു. പുലർച്ചെ 5.40ന് ആലുവയ്ക്ക് പോകുകയായിരുന്ന ബസുകൾ മാറമ്പിള്ളി എം.ഇ.എസ് ജംംഗ്ഷനിലും തൊട്ടടുത്തുള്ള പലോമറ്റം ബസ് സ്റ്റോപ്പിലുമാണ് ആക്രമിക്കപ്പെട്ടത്.
കൂത്താട്ടുകുളം ഡിപ്പോയുടെ ഓർഡിനറി ബസിന് കോട്ടയം തെള്ളകത്ത് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പറവൂർ കരുമാല്ലൂർ മൃഗാശുപത്രിപ്പടിക്കുസമീപം ബൈക്കിലെത്തിയ രണ്ടുപേർ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ആലുവയിൽ കമ്പനിപ്പടി ഗാരേജിന് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകളും തർക്കപ്പെട്ടു. ആലുവ എൻ.എ.ഡിക്കുസമീപം നെസ്റ്റ് കമ്പനിയിലേക്ക് ജോലിക്കാരുമായിപോയ വാഹനത്തിന്റെ ചില്ലുകളും സമരാനുകൂലികൾ തകർത്തു. യു.സി കോളേജിനുസമീപം റോഡിൽ ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ച് സമരാനുകൂലികൾ ഗതാഗതം തടസപ്പെടുത്തി.
രാജഗിരി ആശുപത്രിയിലെ ഡോക്ടറുടെ കാറിന്റെ ചില്ലും അക്രമിസംഘം കല്ലെറിഞ്ഞ് തകർത്തവയിൽപ്പെടുന്നു. ഇടപ്പള്ളിയിലെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സമരാനുകൂലികൾ ഡോക്ടറുടെ കാറിനെ ആക്രമിച്ചത്.
മൂവാറ്റുപുഴ നാല് കടകൾക്ക് നേരെ ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തി. ചില്ലുഭരണികളും മറ്രും തകർന്നു. മുൻകരുതലിന്റെ ഭാഗമായി രാവിലെ മുതൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു.