ആലുവ: കടുങ്ങല്ലൂർ സരിഗ സംഗീത അക്കാഡമി 38 -ാം വാർഷികാഘോഷവും 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവവും നാളെ ആരംഭിക്കും. വൈകിട്ട് 5.30ന് കിഴക്കേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഹാളിൽ കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും.
ശതാഭിഷിക്തനാവുന്ന അക്കാഡമി ട്രസ്റ്റ് അംഗം പി.കെ. കൃഷ്ണപിള്ളയെ ആദരിക്കും. എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വിജ്ഞാന കീർത്തി പുരസ്‌കാരം നൽകി അനുമോദിക്കും. ശിഷ്യർക്കായി നൽകിവരുന്ന നാദജ്യോതി സ്‌കോളർഷിപ്പ് വിതരണം ചടങ്ങിൽ നടക്കും. കർണ്ണാടക സംഗീത മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കായി നൽകുന്ന നാദരത്‌ന പുരസ്‌കാരം ഒക്ടോബർ മൂന്നിന് ഡോ. എസ്. സൗമ്യക്ക് നൽകും. സംഗീതോത്സവത്തിൽ ഡോ. എസ്. സൗമ്യ, കെ.എൻ. രംഗനാഥ് ശർമ്മ, ടി.വി.എസ്. മഹാദേവൻ, ഡോ. ലക്ഷ്മി ഷാജു, സ്മിത അനിൽ കുമാർ, അരുൺകുമാർ ഇളയിടം എന്നിവരുടെ സംഗീത സദസുകളും, ശിഷ്യരുടെ സംഗീതാർച്ചനയും അരങ്ങേരും.
വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് രാവിലെ ഒമ്പതിന് സരിഗ സംഗീത മണ്ഡപത്തിൽ വിദ്യാരംഭ പൂജയും തുടർന്ന് പുതിയ ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിക്കുമെന്ന് അക്കാദമി ഡയറക്ടർ ഡോ. എസ്. ഹരിഹരൻ നായർ അറിയിച്ചു.