
ആലുവ: ലഹരിക്കെതിരായ പോരാട്ടത്തിന് സമൂഹം രംഗത്തിറങ്ങണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ലഹരി നിർമ്മാർജ്ജന സമിതി സ്‌പെഷ്യൽ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധി പോലെ നമ്മുടെ വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ ലഹരി വ്യാപകമാവുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോയായ വേർതിരിവില്ലാതെ കർമ്മരംഗത്തിറങ്ങേണ്ടത് ബാദ്ധ്യതയാണെന്നും സ്വാമി ഓർമ്മിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.എം. സെയ്ദ് കുഞ്ഞ് പുറയാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം.കെ. കാഞ്ഞിയൂർ, ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞികോമു, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ, സാജിത നൗഷാദ്, സി.കെ. ബീരാൻ, മാരിയത്ത് അബു, അക്‌സർ മുട്ടം, നസീർ കൊടികുത്തുമല എന്നിവർ സംസാരിച്ചു .